ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡൊഴിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രോഹിത് യാദവ് (24)എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

ക്ഷീരോല്‍പ്പന വില്‍പ്പനശാലയിലെ ശുചീകരണ തൊഴിലാളിയാണ് രോഹിത്.  പ്രണയാഭ്യര്‍ഥനയുമായി രോഹിത് യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. യുവാവിന്റെ ശല്യം സഹിക്കാനാകാതെയാണ് യുവതി രോഹിത്തിനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെ ക്ഷീരോല്‍പാദന കേന്ദ്രത്തില്‍ ഒളിച്ചിരുന്ന യുവതി രോഹിത് വില്‍പ്പനശാലയിലേക്ക് എത്തിയതോടെ ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്ത്, നെഞ്ച് പുറം, തോള്‍ എന്നീ ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റ രോഹിത്ത് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, യുവതിക്കെതിരെ ഇതുവരെയും രോഹിത് പരാതി നല്‍കിയിട്ടില്ലെന്നാണ് മൊറാവന്‍ പോലീസ് പറയുന്നത്. പരാതി ലഭിച്ചതിന് ശേഷം മാത്രമേ യുവതിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുകയൂള്ളൂവെന്നും പോലീസ് വ്യക്തമാക്തി.

Content Highlights: 20 year old woman throws acid at her stalker in UP