ഹൈദരാബാദ്: ഗോ-കാര്‍ട്ടിങ്ങിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഇരുപതുകാരി മരിച്ചു.തെലങ്കാനയിലെ ഗുരംഗുഡയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിനിരയായ ശിവവര്‍ഷിണിയുടെ മുടി ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ കുടുങ്ങിയതാണ് ദുരന്തത്തിനിടയാക്കിയത്‌. 

ബി ടെക് വിദ്യാര്‍ഥിനിയായ ശിവവര്‍ഷിണി സുഹൃത്തുക്കളുമൊത്താണ്  ഗുരംഗുഡയിലെ ഗോ-കാര്‍ട്ടിങ് സോണിലെത്തിയത്. ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ ശിവവര്‍ഷിണിയുടെ മുടി കുടുങ്ങി ശിരോചര്‍മം വേര്‍പ്പെട്ടിരുന്നു. ശിവവര്‍ഷിണി ധരിച്ചിരുന്ന ഹെല്‍മറ്റും തകര്‍ന്ന നിലയിലായിരുന്നു. 

അപകടത്തിന് മുമ്പ് രണ്ട് മൂന്ന് റൗണ്ടുകള്‍ ഇവര്‍ ഗോ-കാര്‍ട്ടിങ് നടത്തിയതായി ശിവവര്‍ഷിണിയുടെ സുഹൃത്തുക്കളിലൊരാള്‍ പകര്‍ത്തിയ വീഡിയോ സൂചിപ്പിക്കുന്നു. അപകടമുണ്ടായ ഉടനെ തന്നെ ശിവവവര്‍ഷിണിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് പിന്നീട് മരിച്ചു. 

ഗോ-കാര്‍ട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ശിവവര്‍ഷിണിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഹെല്‍മറ്റ് ചിന്നിച്ചിതറിയിരുന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഗോ-കാര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ അവര്‍ മീര്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

2018 ല്‍ ഹരിയാനയിലെ പിഞ്ചോറിലും സമാനദുരന്തം സംഭവിച്ചിരുന്നു. അന്നുണ്ടായ അപകടത്തില്‍ 28 കാരിയായ പുനീത് കൗര്‍ ആണ് മരിച്ചത്. ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ മുടി കുടുങ്ങിയായിരുന്നു അന്നും അപകടം.

 

Content Highlights: 20-Year-Old Engineering Student Dies In Go-Kart Accident Near Hyderabad