ന്യൂഡല്‍ഹി : രാജ്യത്ത് വെള്ളിയാഴ്ച മാത്രം കോവിഡിനെതിരെയുള്ള വാക്‌സിനെടുത്തത് 20 ലക്ഷം പേര്‍. രാജ്യത്ത് ഏറ്റവും അധികം പേര്‍ വാക്‌സിനെടുത്ത ദിവസം കൂടിയാണ് വെള്ളിയാഴ്ച. 16.40 ലക്ഷം പേര്‍ ആദ്യ ഡോസും 4.14 ലക്ഷം പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. 

"ജനുവരി 16 ന് ആരംഭിച്ച രാജ്യവ്യാപകമായ കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ലാണ് കുറിച്ചത്. വാക്‌സിന്‍ യജ്ഞത്തിന്റെ 56-ാം ദിവസമായ മാര്‍ച്ച് 12ന്  30,561 സെഷനുകളിലൂടെ 20 ലക്ഷത്തിലധികം (20,53,537) വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്", ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാകിസനെടുത്ത 20.54 ലക്ഷം പേരിലെ 74 ശതമാനവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. 3.3 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളുമായി ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയിലെ രണ്ടാമത്തെ ഡോസ് വാക്‌സിനേഷനുകളില്‍ 69 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്.

ഇന്ത്യ ഇതുവരെ 2.82 കോടി (2,82,18,457) വാക്‌സിന്‍ ഡോസുകളാണ് നൽകിയത്. വാക്‌സിനെടുത്തവരില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള 12.54ലക്ഷം പേരും 60 വയസ്സിനു മുകളില്‍ പ്രായമുള്ള 72.91ലക്ഷം പേരും ഉള്‍പ്പെടും.

content highlights: 20 Lakh Vaccine Doses Administered On Friday