മിന്നലേറ്റ് യുപിയിലും രാജസ്ഥാനിലുമായി 58 മരണം : 11 പേര്‍ മരിച്ചത് സെല്‍ഫിയെടുക്കുന്നതിനിടെ


പ്രതീകാത്മ ചിത്രം | Photo: ANI

ജയ്പുര്‍/ലഖ്‌നൗ: ഒറ്റ ദിവസം ഇടിമിന്നലേറ്റ് രണ്ട് സംസ്ഥാനങ്ങളിലായി 58 പേര്‍ മരിച്ചു. 38 പേര്‍ ഉത്തര്‍പ്രദേശിലും 20 പേര്‍ രാജസ്ഥാനിലുമാണ് മരിച്ചത്.

രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ ദുരന്തത്തിനിരയായതായി ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്. വിനോദസഞ്ചാരികളും പ്രാദേശവാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ടവറിലുണ്ടായിരുന്നു. ഇടിമിന്നലുണ്ടായപ്പോള്‍ ചിലര്‍ പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാച്ച് ടവറിലുണ്ടായ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ബരന്‍, ജല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും കോട്ടയില്‍ നാലുപേരും, ധോല്‍പുരില്‍ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്.

ഇടിമിന്നല്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. 'രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അവരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖമുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ പതിനൊന്ന് ജില്ലകളിലായി 38 മരണം

കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ 38 പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ 14 പേരും കാണ്‍പുര്‍, ദേഹാതില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗശംഭി എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ഉന്നാവോ, ചിത്രകൂട് എന്നിവടങ്ങളിലായി രണ്ടുപേര്‍ വീതവും ഇടിമിന്നലേറ്റ് മരിച്ചു. കാണ്‍പുര്‍, പ്രതാപ്ഗഢ്, ആഗ്ര, വാരണാസി, റായ് ബറേലി എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

രാജ്യത്ത് ഇടിമിന്നലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented