Photo: ANI
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിയുടെ അടുത്ത അനുയായിയുടെ താമസസ്ഥലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായി ആയ അര്‍പ്പിത മുഖര്‍ജിയുടെ വസതിക്കു സമീപമായിരുന്നു ഇ.ഡി. തിരച്ചില്‍ നടത്തിയത്.
വെസ്റ്റ് ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍, വെസ്റ്റ് ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി. റെയ്ഡ്. കുംഭകോണവുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണ് കരുതുന്നത്. പണം എത്രയുണ്ടെന്ന് തിട്ടപ്പെടുത്താന്‍, ഇ.ഡി. ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരുടെ സഹായം തേടിയിട്ടുണ്ട്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കൂമ്പാരമായി കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഇരുപതോളം മൊബൈല്‍ ഫോണുകളും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
പാര്‍ഥാ ചാറ്റര്‍ജിയെ കൂടാതെ മറ്റൊരു മന്ത്രിയായ പരേഷ് അധികാരിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ട്. എസ്.എസ്.സി. റിക്രൂട്ട്‌മെന്റ് കുംഭകോണകേസില്‍ ഈ രണ്ടുമന്ത്രിമാരെയും സി.ബി.ഐ. മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഗ്രൂപ്പ് സി ആന്‍ഡ് ഡി ജീവനക്കാര്‍, 9-12 ക്ലാസുകളിലെ അസിസ്റ്റന്റ് അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ നിരവധി റിട്ട് പെറ്റീഷനുകള്‍ കോടതിക്ക് മുന്‍പാകെ വന്നതിന് പിന്നാലെയായിരുന്നു ഇത്. അധ്യാപക-അനധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഈ കേസുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.
Content Highlights: 20 crore found from the residential premises of tmc ministers aide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..