ശ്രീലക്ഷ്മി, ലാവണ്യ
ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസിൽനിന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് മലയാളിയടക്കം ഐ.ടി. ജീവനക്കാരായ രണ്ടുയുവതികൾ മരിച്ചു. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ(ഒ.എം.ആർ.) നടന്ന അപകടത്തിൽ പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗർ ‘സുരഭില’യിൽ രവിമണിയുടെ മകൾ ശ്രീലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ (23) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന മോദീഷ് കുമാറിനെ (22) പോലീസ് അറസ്റ്റുചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയിൽ എത്തിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. രണ്ടുപേരും എച്ച്.സി.എൽ. കമ്പനിയിലെ ജീവനക്കാരായിരുന്നു.
മൂന്നുമാസംമുമ്പാണ് ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. അമ്മ: ജയലക്ഷ്മി. സഹോദരൻ: റോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഐവർമഠം ശ്മശാനത്തിൽ.
നൊമ്പരമായി ശ്രീലക്ഷ്മിയുടെ വേര്‍പാട്
പാലക്കാട്: മൂന്നുമാസം മുമ്പാണ് ഐ.ടി. കമ്പനിയില്‍ ജോലി നേടി ശ്രീലക്ഷ്മി ചെന്നൈയിലേക്ക് വണ്ടികയറിയത്. ഓണത്തിന് മടങ്ങിവന്നെങ്കിലും കുറച്ചുദിവസങ്ങളേ നാട്ടിലുണ്ടായിരുന്നുള്ളൂ. ചെന്നൈയിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പോകുമ്പോള്‍ അവളുടെ പുഞ്ചിരിച്ച മുഖമായിരുന്നു എല്ലാവരും കണ്ടത്. കഴിഞ്ഞദിവസം ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ ശ്രീലക്ഷ്മി മരിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ വിങ്ങുകയാണ് ബന്ധുക്കളും കുടുംബവും.
അകത്തേത്തറ ധോണി പാതിരി നഗര്‍ 'സുരഭില'യില്‍ രവിമണി-ജയലക്ഷ്മി ദമ്പതിമാരുടെ മകളായ ശ്രീലക്ഷ്മി ഒരുപാട് ആഗ്രഹിച്ചാണ് ഐ.ടി. കമ്പനിയില്‍ ജോലി നേടിയത്. കളമശ്ശേരി രാജഗിരി കോളേജിലായിരുന്നു ബി.ബി.എ. പഠനം. ചെറുപ്രായത്തിലേ ചെന്നെയിലെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ലക്ഷ്മിയെക്കുറിച്ച് നാടിനും പ്രതീക്ഷകള്‍ ഏറെയായിരുന്നു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാറിടിച്ച് അപകടമുണ്ടായത്. ലക്ഷ്മിയുടെ അപ്രതീക്ഷിതവേര്‍പാടിന്റെ ഞെട്ടലില്‍ കണ്ണീരണിയുകയാണ് ഉറ്റവര്‍. ചെന്നൈയിലുള്ള മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയോടെ അകത്തേത്തറയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ ഒമ്പതരയോടെ ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.
Content Highlights: 2 Women Techies In Chennai Killed By Driver Going 130 Km Per Hour
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..