സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് | ഫോട്ടോ: പിടിഐ
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരാകാനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് 'വിങ്‌സ്' നല്‍കി. നേവല്‍ ബേസിലെ അക്കാദമയില്‍ നിന്ന് ഒബ്സെര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്. ബാച്ചില്‍ മലയാളിയായ ക്രീഷ്മ ആര്‍ ഉള്‍പ്പെടെ മറ്റു രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടെങ്കിലും ഇവര്‍ക്ക് ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളിലാകും പരിശീലനം.
ഇതുവരെ ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ (കരയില്‍ നിന്നുയര്‍ന്ന് കരയില്‍ തന്നെ ലാന്‍ഡ് ചെയ്യുന്നവ) മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തില്‍ മാറ്റമുണ്ടായതോടെയാണ് കുമുദിനിയും റിതിയും ചരിത്രത്തിലേക്ക് ചുവടുവെക്കുന്നത്. ക്രൂ ക്വാര്‍ട്ടട്ടേഴ്‌സിലെ സ്വകാര്യതാക്കുറവ്, ബാത് റൂം അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങള്‍ മൂലമാണ് വനിതകളെ ഇതുവരെ ക്രൂവില്‍ ഉള്‍പ്പെടുത്താതിരുന്നത്.

ഒബ്സർവർ കോഴ്സ് പൂർത്തിയാക്കിയ കുമുദിനിയ്ക്കും റിതിയ്ക്കും ഇനി ഹെലികോപ്ടറുകളിൽ പരിശീലനം നൽകും. ഇതിനു ശേഷമാകും യുദ്ധക്കപ്പലിൽ നിയോഗിക്കുക.
റഫാല്‍ വിമാനങ്ങളില്‍ വനിതപൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയര്‍ഫോഴ്സ് തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നാവികസേനയുടെ യുദ്ധക്കപ്പലില്‍ വനിത ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള വാര്‍ത്തകളും പുറത്തുവരുന്നത്.
Content Highlights: 2 Women Officers To Be Posted On Indian Navy Warship In Historic First
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..