ജയ്പുര്‍: രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുന്നു. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെക്കാള്‍ ഓരോ ബൂത്തിലും കിട്ടിയ വോട്ടിന്റെ കണക്കാണ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്‌.

ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ ബിജെപിക്ക് ഒരു വോട്ടുമില്ല, മറ്റൊരു ബൂത്തില്‍ കിട്ടിയത് ഒരു വോട്ട്, വേറൊരിടത്ത് രണ്ട് വോട്ട്‌

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും മുന്നിലെത്താന്‍ ബിജെപിക്ക് ആയില്ല.

ബിജെപിയുടെ സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌. ജനപ്രതിനിധികള്‍ മരിച്ച ഒഴിവില്‍ ബന്ധുക്കളെ മത്സരിപ്പിച്ചിട്ടും സഹതാപ തരംഗം പോലും ഫലിച്ചില്ല.

നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒരു വോട്ടാണ്. 224മത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു. 

ഡുദു മണ്ഡലത്തില്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. 49-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ഒരു വോട്ട് പോലും നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

1985,1998 എന്നീ വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാ വര്‍ഷങ്ങളിലും പ്രതികൂല സാഹചര്യത്തിലാണ് ഈ രണ്ട് ലോക്ഭാ സീറ്റുകളില്‍ വിജയിച്ചതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഡല്‍ഹിയില്‍ പറഞ്ഞു. 

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വ്യക്തിക്ക് 22 ശതമാനം വോട്ട് ലഭിച്ചിട്ടും  മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തില്‍ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.