ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും രാജിവെച്ചു. സ്വതന്ത്ര അംഗങ്ങളായ പി.സി.മോഹനന്, ജെ.വി.മീനാക്ഷി എന്നിവരാണ് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ചത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് (എന്‍.എസ്.സി) ആക്ടിങ് ചെയര്‍പേഴ്സണ്‍ കൂടിയാണ് പി.സി.മോഹനന്. ഇവരുടെ രാജിയോടെ എന്‍.എസ്.സിയില്‍ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവ, നീതി ആയോഗ് സി.ഇ.ഒ.അമിതാഭ് കാന്ത് എന്നിവര്‍ മാത്രമായി.
ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടമുണ്ടായി, തുടങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിന്റെ കാരണമെന്നാണ് സൂചന.
നിലവിലെ സാഹചര്യത്തില്‍ കമ്മീഷന് ഫലപ്രദമല്ലെന്ന് ഞങ്ങള്‍ കരുതുന്നു. കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും രാജിവെച്ചതിന് ശേഷം മോഹനന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് ഇരുവരും ഔദ്യോഗികമായി രാജിപ്രഖ്യാപനം നടത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് പ്രവര്‍ത്തിക്കുന്നത്. ആകെ ഏഴ് അംഗങ്ങളാണ് കമ്മീഷനില്‍ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകള്‍ നേരത്തെ തന്നെയുണ്ട്. 2020 വരെയായിരുന്നു മോഹനന്റേയും മീനാക്ഷിയുടേയും കരാര്‍ കാലാവധി. 2017 ജൂണിലാണ് ഇരുവരും സ്വതന്ത്ര അംഗങ്ങളായി കമ്മീഷനില്‍ ചേര്‍ന്നത്.
Content Highlights: 2 Top Statisticians Quit as Govt 'Delays' Report on Job Losses After Demonetisation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..