ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ അതിനാടകീയ നീക്കങ്ങള്‍ തുടരുന്നു. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇരുവരെയും ബി.ജെ.പി വിലക്കെടുത്ത് മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച നേതാവാണ് എച്ച് നാഗേഷ്. കെ.പി.ജെപി പാര്‍ട്ടിയുടെ നേതാവായി വിജയിച്ചയാളാണ് ആര്‍ ശങ്കര്‍. തിരഞ്ഞെടുപ്പ് ഫലം വന്ന സമയം മുതല്‍ സംസ്ഥാനത്ത് ഉണ്ടായ പ്രതിസന്ധി സമയത്തൊക്കെ സര്‍ക്കാരിന് കൂടെ നിന്ന എം.എല്‍.എമാരാണ് ഇരുവരും. ആര്‍ ശങ്കര്‍ സംസ്ഥാനത്തെ വനം മന്ത്രി കൂടിയായിരുന്നു. കഴിഞ്ഞയിടെ നടത്തിയ മന്ത്രിസഭാ വികസനത്തില്‍ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഈ രണ്ട് എം.എല്‍.എമാരുടെ പിന്തുണ നഷ്ടപ്പെട്ടാലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് തല്‍ക്കാലം ഭീഷണികളൊന്നുമില്ല. ഇവരെ കൂടാതെ തന്നെ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് പേരെങ്കിലും ചേരി മാറുകയോ രാജിവെക്കുകയോ ചെയ്താല്‍ അട്ടിമറിക്ക് സാധ്യതയുണ്ട്‌.

വേറെയും ചില കോണ്‍ഗ്രസ്-ജെ,ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തില്‍ ഉണ്ട് എന്നാണ് വിവരം. ഇവരെ കൂടെ പിന്തുണ പിന്‍വലിപ്പിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി നീക്കമെന്നാണ് അറിയുന്നത്. 

ബി.ജെ.പി എം.എല്‍.എ മാരെ പാര്‍പ്പിച്ചിട്ടുള്ള ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഹോട്ടലിലാണ് ഈ രണ്ട് എം.എല്‍.എമാരും ഉള്ളത്. ഇവര്‍ രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തുമെന്നാണ് ബി.ജെ.പി നിലപാട്. കോണ്‍ഗ്രസ് നേതാവായ ഡി.കെ ശിവകുമാര്‍ ഇന്ന് മുംബൈയില്‍ എത്തുന്നുണ്ട്. ഇദ്ദേഹം ഈ എം.എല്‍.എമാരെ കാണും എന്നതാണ് വിവരം. 

content highlights: 2 Lawmakers, Pull Out Of, Karnataka Congress-JDS government