ശ്രീനഗര്‍:  കുപ്‌വാര ജില്ലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വെടിവെച്ച് കൊന്നു. ഇന്നലെ അര്‍ധരാത്രി നിയന്ത്രണരേഖയ്ക്ക് 100 മീറ്റര്‍ അകലെയാണ് സംഭവമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികത്തില്‍ കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇവരുടെ നുഴഞ്ഞുകയറ്റമെന്ന് സംശയിക്കുന്നു. തീവ്രവാദികളിലൊരാള്‍ 23 വയസുള്ള ഇദ്രീസ് അഹമ്മദ് ബട്ടാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുപ്‌വാര സ്വദേശിയായ ഇയാള്‍ 2018-ല്‍ വാഗ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പോയതാണ്. 

രണ്ടാമത്തെ തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ വിദേശിയാണെന്ന് സംശിക്കുന്നു. ഇരുവരും തീവ്രവാദി സംഘടനയായ ലഷ്‌കറെ തൊയിബയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

രണ്ട് എ.കെ. 47 തോക്കുകള്‍, നൂറ് കണക്കിന് ബുള്ളറ്റുകള്‍, ചൈനീസ് നിര്‍മിത പിസ്റ്റള്‍, ഓസ്ട്രിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്താനിലെ ആയുധനിര്‍മാണ ശാലയില്‍ നിര്‍മിച്ച നാല് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാക് സൈന്യവും സര്‍ക്കാരുമായി ഇവരുടെ ബന്ധത്തെ ഗ്രനേഡുകള്‍ സൂചിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി.  

Content Highlights: 2 Lashkar terrorists shot dead 100 metres from LoC, leave behind proof of Pak role