ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ റെയ്ഗാഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

"റെയ്ഗാഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ നിരന്തരം നിരീക്ഷിക്കുകയാണ്, ബാധിക്കപ്പെട്ടവര്‍ക്ക് സഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിലയിരുത്തി. റെയ്ഗാഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 മരണം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. എന്‍ഡിആര്‍എഫും മറ്റ് രക്ഷാസംഘടനകളും റോഡുകളും മറ്റ് ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടതിനാല്‍ ചിപ്ലുണിലേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ടുണ്ടായ മഹാടില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഉദ്ധവ് താക്കറെ പറഞ്ഞു.

Content highlights: 2 lakh ex gratia declared for deceased in landslide in maharastra