ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് അറിയിച്ചു.

ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് സരൈ കാലെ ഖാനില്‍ നിന്ന് രണ്ടു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 

'തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്‌. ജമ്മു കശ്മീര്‍ നിവാസികളായ രണ്ടു തീവ്രവാദികളെയും ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തു' ഡല്‍ഹി പോലീസ് പറഞ്ഞു.

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്‌വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്‌റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

Content Highlights: 2 Jaish-e-Mohammed terrorists arrested in Delhi