വിശാഖപട്ടണം: നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതായി പരാതി. അക്രമികള്‍ ബൊക്കോ ഹറാം ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് സംശയമുണ്ട്.
വിശാഖപട്ടണം സ്വദേശിയായ എൻജിനീയര്‍ എം. സായി ശ്രീനിവാസ്, സഹപ്രവര്ത്തകന് അനീഷ് ശര്‍മ്മ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ബെന്യൂ സ്റ്റേറ്റിലെ ജിബോകോയിലുള്ള ഡന്ഗോട്ടെ സിമന്റ് നിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഇരുവരെയും അവിടെ നിന്നു തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
രാത്രി ഏഴരയോടെ താമസസ്ഥലത്തുനിന്നും ഫാക്ടറിയിലേക്ക് കാറില്‍ പോയ്കൊണ്ടിരുന്ന ഇവരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശ്രീനിവാസിനെ ഭാര്യ ലളിത ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിക്കൊണ്ടു പോയ വിവരം ഫാക്ടറി അധികൃതര്‍ അറിയിക്കുന്നത്.
മൂന്നുവര്‍ഷമായി ഡന്ഗോട്ടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീനിവാസിന് കഴിഞ്ഞ വര്‍ഷമാണ് ജിബോകോയിലുള്ള പ്ലാന്റിലേക്ക് മാറ്റം കിട്ടുന്നത്. ഈ വര്‍ഷം ജനവരിയിലാണ് ശ്രീനിവാസ് അവസാനമായി നാട്ടില്‍ വന്നത്. തട്ടിക്കൊണ്ടു പോയവര്‍ ഇതുവരെ ബന്ധപ്പെടുകയോ ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീനിവാസന്റെ ഭാര്യയും ബന്ധുക്കളും വിശാഖപട്ടണം കലക്ടര്‍ എന്‍.യുവരാജിന് നല്കിയ പരാതിയെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവും നൈജീരിയയിലെ ഇന്ത്യന്‍ എംബസിയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..