ഭോപ്പാല്‍: മധ്യപ്രദേശില്‍ കനത്ത മഴയേത്തുടര്‍ന്ന് രണ്ട് വീടുകള്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. രേവാ ജില്ലയില്‍  ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.  മറ്റൊരു സംഭവത്തില്‍, സിംഗ്രോളി ജില്ലയില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു.

രണ്ട് കുട്ടികളും അവരുടെ പിതാവും മുത്തശ്ശിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് രേവാ ജില്ലയില്‍ വീട് തകര്‍ന്ന് മരിച്ചത്. ഘുചിയാരി ബഹേര ഗ്രാമത്തിലെ ഇവരുടെ വീട് രാവിലെ തകര്‍ന്നു വീഴുകയായിരുന്നു. 35 വയസ്സുള്ള മനോജ് പാണ്ഡെ, അയാളുടെ 60 വയസുള്ള മാതാവ്, പെണ്‍മക്കളായ കാജല്‍ (8), അഞ്ചല്‍ (7 ) എന്നിവരാണ് മരിച്ചത്.

ഗ്രാമവാസികള്‍ ഇവരെ വീടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടികളിലൊരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും മഴ മൂലം യാത്രാതടസം നേരിട്ടതിനാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചില്ല. മനോജ് പാണ്ഡെയുടെ ഇളയ മകള്‍ ശ്രീജല്‍ പരിക്കുകളോടെ രക്ഷപെട്ടു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഇയാളുടെ ഭാര്യയും രക്ഷപെട്ടിട്ടുണ്ട്. 

സിംഗ്രോളി ജില്ലയില്‍ 24 മണിക്കൂറിലധികമായി തുടരുന്ന കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടത്. ഇതില്‍ രണ്ട് കുട്ടികളാണ് മരിച്ചത്. നീരജ് മുണ്ട (8), സിലിക (2) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ക്കും മറ്റൊരു സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: 2 Houses collapse due to heavy rain in MP; 4 dead in Rewa district, 2 in Singrauli