ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണങ്ങളില്‍ ഒന്നായിരുന്നു യു.പി.എ ഭരണകാലത്ത് ഡി.എം.കെ നേതാക്കളായ എ.രാജയ്ക്കും കനിമൊഴിക്കും എതിരെ ഉയര്‍ന്ന് വന്ന ടുജി സ്‌പെക്ട്രം കേസ്. ടുജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു അന്ന് സി.ബി.ഐ. ആരോപിച്ചിരുന്നത്. തുടര്‍ന്ന്‌ ടുജി ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കി. പക്ഷെ ആറ് വര്‍ഷത്തിനിപ്പുറം സി.ബി.ഐ പ്രത്യേക കോടതി തന്നെ കേസില്‍ ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെ നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തി. ഇത് ഡി.എം.കെ നേതാക്കാളായ രാജയും, കനിമൊഴിയുമടങ്ങുന്ന 19 പ്രതികള്‍ക്ക് ചെറിയ ആശ്വാസമൊന്നുമല്ല നല്‍കുന്നത്.  

ഒരുപക്ഷെ പത്ത് വര്‍ഷത്തോളം തുടര്‍ച്ചയായി കേന്ദ്രം ഭരിച്ച  യു.പി.എ സര്‍ക്കാരിന് ഭരണം പോലും നഷ്ടമാവാന്‍ ഇത്രവലിയ അഴിമതി ആരോപണം ഒരു പ്രധാന കാരണമായി മാറിയിരുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ആര്‍.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കി വിധി വന്നത് ഇരുവര്‍ക്കും അതുപോലെ ഡി.എം.കെയ്ക്കും നേട്ടമുണ്ടാവുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്‌.

അഴിമതിവിരുദ്ധ നിയമത്തിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖചമയ്ക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. 

ഡി.എം.കെ.യുടെ കലൈഞ്ജര്‍ ടി.വി.ക്ക് സ്വാന്‍ ടെലികോം പ്രൊമോട്ടര്‍മാര്‍ 200 കോടി കൊടുത്തതിതിന് ടുജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധമുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലും പാര്‍ട്ടിക്കും നേതൃത്വത്തിനും വലിയ തിരിച്ചടിയായിരുന്നു ഉണ്ടാക്കിയിരുന്നത്. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്തിമവാദത്തിനിടെ അന്നത്തെ ടെലികോം മന്ത്രിയായ എ. രാജയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ പ്രതിഫലമായാണ് ഈ തുക ലഭിച്ചതെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പക്ഷെ ഇന്ന് സിബിഐ പ്രത്യേക കോടതി വിധി വന്നതോടെ ഇതെല്ലാം അസ്ഥാനത്തായി മാറുകയും ചെയ്തു. കേസില്‍ വീണ്ടും അപ്പീല്‍ പോവാനും കേസ് വീണ്ടും സജീവമാകാനും സാധ്യതയുണ്ടെങ്കിലും തല്‍ക്കാലത്തേക്ക് വലിയ ആശ്വാസമാണ് പ്രതികളാണെന്ന് കണ്ടെത്തിയ 19 പ്രതികള്‍ക്കും ലഭിക്കുന്നത്.