ജയ്പുര്‍: ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയെന്ന് പരാതി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ആഭരണങ്ങളും പണവുമാണ്‌ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മുംബൈയിലെ വ്യവസായി രാഹുല്‍ ഭാട്ടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ച ജയ്പുരിലെ ഹോട്ടല്‍ ക്ലാര്‍ക് അമേറില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.

ഭാട്ടിയയുടെ കുടുംബവും ഹോട്ടലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. രണ്ടു കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 95,000 രൂപയുമാണ് ഇവര്‍ താമസിച്ചിരുന്ന ഒരു മുറിയില്‍ നിന്ന് നഷ്ടപ്പെട്ടത്. 

ഹോട്ടല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുല്‍ ഭാട്ടിയ തന്റെ പരാതിയില്‍ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിനേയും ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. മോഷണം സംബന്ധിച്ച് ഹോട്ടല്‍ അധികൃതര്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.