Representational image
മാല്‍ഡ: മന്ത്രവാദത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ രണ്ടു കുട്ടികള്‍ മരിച്ചു. പരിക്കേറ്റ രണ്ടു കുട്ടികള്‍ ആശുപത്രിയിലാണ്. മാല്‍ഡ ജില്ലയിലെ ഗജോള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അഞ്ചും ഏഴും വയസ്സും പ്രായമുള്ള രണ്ടു കുട്ടികളാണ് മരിച്ചത്. മൂന്നും ആറും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സഹോദരിമാരാണ് ഇവര്‍. വീടിനടുത്തുള്ള വനത്തില്‍ കളിക്കാന്‍ പോയ കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ കുഴഞ്ഞുവീണിരുന്നു. ഇതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ട് മന്ത്രവാദികളുടെ അടുത്തെത്തിയത്. വനത്തില്‍ നിന്ന് കുട്ടികള്‍ വിഷമടങ്ങിയ കാട്ടുപഴങ്ങള്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദിപാലി ബിശ്വാസ് ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെയും അവര്‍ സന്ദര്‍ശിച്ചു. 'ഇത് അന്ധവിശ്വാസവുമായി ബന്ധപ്പെട്ട കേസാണ്. കുട്ടികളെ മന്ത്രാവിദികളുടെ അടുത്തേക്ക് എത്തിക്കുന്നതിന് പകരം അവരെ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ മരണപ്പെടില്ലായിരുന്നു. ഗ്രാമവാസികളോട് ഇത്തരം വിശ്വാസങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.' എംഎല്‍എ പറഞ്ഞു.
കുട്ടികളുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി അലോക് രാജോരിയ അറിയിച്ചു. ഗ്രാമത്തിലേക്ക് മെഡിക്കല്‍ ടീമിനെ അയച്ചതായി ആരോഗ്യപ്രവര്‍ത്തകരും അറിയിച്ചു.
Content Highlights: 2 children dead and two in hospital after sorcery practices were performed on them
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..