ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ 68-ാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്വര്‍ണ നൂലുകളില്‍ തീര്‍ത്ത 2.5 കിലോഗ്രാം ഭാരമുളള സാരിയാണ് ഹൈദരാബാദിലെ ഒരു ദേവീക്ഷേത്രത്തില്‍ ചന്ദ്രശേഖറിന്റെ മകള്‍ കെ.കവിത സമര്‍പ്പിച്ചത്. 

രാവിലെ 8.45ന് ഹൈദരാബാദിലെ അമീര്‍പേട്ടിലെ ഗുരുദ്വാരയില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടായിരുന്നു ചന്ദ്രശേഖറിന്റെ പിറന്നാള്‍ ദിവസം ആരംഭിച്ചത്. തുടര്‍ന്ന് ഒമ്പതുമണിയോടെ ബാല്‍കംപേട്ട് ക്ഷേത്രത്തിലെത്തിയ അദ്ദേഹം അവിടെ സ്വര്‍ണത്തില്‍ തീര്‍ത്ത സാരി സമര്‍പ്പിച്ചു. 15 മിനിട്ടിന് ശേഷം ഉജ്ജൈനി മഹാകാളി ക്ഷേത്രത്തിലെത്തി അനുഷ്ഠാനങ്ങള്‍ നടത്തി. തുടര്‍ന്ന് ഹൈദരാബാദ് ക്ലോക്ക് ടവര്‍ പളളിയിലും അദ്ദേഹം പ്രാര്‍ഥന നടത്തി. അരമണിക്കൂറിന് ശേഷം നാമ്പള്ളി ദര്‍ഗയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. 

തുടര്‍ന്ന് പത്തരയോടെയാണ് നെക്ലേസ് റോഡിലുളള ജലവിഹാറില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അവിടെ ചന്ദ്രശേഖര്‍ റാവുവിന്റെ ജീവിതം ആസ്പദമാക്കിയ ത്രീഡി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടന്നു. തെലങ്കാന നിയമസഭാ സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബോളിവുഡ് താരങ്ങള്‍, തെലുങ്ക് അഭിനേതാക്കള്‍, രാഷ്ട്രീയ ബിസിനസ് രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കോടി വൃക്ഷത്തൈകള്‍ നടുന്ന യജ്ഞത്തിനാണ് ചന്ദ്രശേഖര്‍ റാവുവിന്റെ അനന്തരവന്‍ സന്തോഷ് കുമാര്‍ തുടക്കം കുറിച്ചത്.

 

Content Highlights: 2.5KG gold saree, 3D film CM's Mega birthday celebration