മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു. 68കാരനായ ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്. 

അഗ്രിപാഡ മോമിന്‍പുര സ്വദേശിയായ അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളില്‍ പുറത്ത് പോവുന്നത്. പരോൾ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു. അഗ്രിപാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദിവസവും 10.30നും 12 മണിക്കുമിടയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ വ്യാഴാഴ്ച ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അന്‍സാരിയുടെ മകന്‍ ജെയിദ് അന്‍സാരി പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ പിതാവ് നമാസിനായി പുറത്ത് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതെന്നും ജെയിദ് പോലീസിനോട് പറഞ്ഞു.

സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള നിരോധിത സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചു എന്നതാണ് ഡോക്ടര്‍ ബോംബ് എന്ന പേരില്‍ അറിയപ്പെടുന്ന ജലീസ് അന്‍സാരിക്കെതിരേയുള്ള കേസ്.

content highlights: 1993 Mumbai Blasts Convict Doctor Bomb Goes Missing