ന്യൂഡല്‍ഹി: 1984ലെ സിഖ്-വിരുദ്ധ കലാപത്തില്‍ ആള്‍ക്കൂട്ടത്തെ സിഖുകാര്‍ക്കെതിരെ തിരിച്ചുവിട്ടവരില്‍ പ്രധാനി കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറാണെന്ന് സാക്ഷിമൊഴി. സജ്ജന്‍ കുമാറിന്റെ പ്രേരണ മൂലമാണ് തനിക്ക് മകനെയും പിതാവിനെയും നഷ്ടമായതെന്നും സാക്ഷി ചാം കൗര്‍ വ്യക്തമാക്കി. 

ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ നടത്തിയ പ്രസംഗത്തില്‍ സജ്ജന്‍ കുമാര്‍ സിഖ്കാരാണ് ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് പറയുകയും അവരെ തിരിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ആള്‍ക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്ന് പ്രോസ്‌ക്യൂഷന്‍ ഹാജരാക്കിയ ചാം കൗര്‍ കോടതിയില്‍ പറഞ്ഞു. 

പ്രസംഗം നടന്നത് 1984 ഒക്ടോബര്‍ 31നാണെന്നും നവംബര്‍ ഒന്നിന് തന്റെ മകന്‍ കപൂര്‍ സിങിനെയും പിതാവ് സര്‍ദാര്‍ജി സിങ്ങിനെയും അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നും ചാം കൗര്‍ പറയുന്നു. നേരത്തെ മറ്റൊരു സാക്ഷിയായ ഷീല കൗറും സജ്ജന്‍ കുമാര്‍ ആളുകളെ പ്രകോപിതരാക്കിയതായി മൊഴി നല്‍കിയിരുന്നു.

Content Highlights: Anti-Sikh Riots, 1984 Riots, Sajjan Kumar