ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം ഐ.കെ.ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു ചെവിക്കൊണ്ടിരുന്നെങ്കില്‍ ഒഴിവാക്കാനാകുമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹ റാവു ഗുജ്‌റാളിന്റെ ഉപദേശം സ്വീകരിച്ച് സൈന്യത്തെ വിളിച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 1984-ലുണ്ടായ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി കൂടിയായ ഐ.കെ.ഗുജ്‌റാളിന്റെ 100-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു മന്‍മോഹന്‍ സിങ് ഇക്കാര്യം പറഞ്ഞത്.

'1984-ലെ ദുഃഖകരമായ സംഭവം നടന്നപ്പോള്‍, ഗുജ്‌റാള്‍ജി ആ വൈകുന്നേരം ആഭ്യന്തര മന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവിന്റെ വസതിയിലെത്തി പറഞ്ഞു, സ്ഥിതി വളരെ ഗുരുതരമാണ്. സര്‍ക്കാര്‍ സൈന്യത്തെ വിളിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്'. ഈ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ 1984-ല്‍ നടന്ന കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മന്‍മോഹന്‍ സിങ് പറഞ്ഞു.

1984-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരംക്ഷകന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. സിഖ് സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാണ്.

Content Highlights: 1984 riots could have been avoided if Gujral’s advice was heeded-Manmohan Singh