Image Courtesy: https://twitter.com/sunilveer08
ഹൈദരാബാദ്: തെലങ്കാനയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ നൃത്തംചെയ്തുകൊണ്ടിരിക്കേ പത്തൊന്‍പതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിര്‍മല്‍ ജില്ലയിലെ പര്‍ദി ഗ്രാമത്തിലാണ് സംഭവം. യുവാവ് നൃത്തം ചെയ്യുന്നതിന്റെയും അതിനിടെ കുഴഞ്ഞുവീഴുന്നതിന്റെയും ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുഴഞ്ഞവീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവ് മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് വിവരം.
ശ്രദ്ധിക്കുക: ദൃശ്യം കാഴ്ചക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം
തെലങ്കാനയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുഴഞ്ഞുവീണുള്ള അത്യാഹിതം ഇത് നാലാമത്തേതാണ്. വെള്ളിയാഴ്ച ഹൈദരാബാദില്‍ ബസ് കാത്തുനിന്ന വയോധികന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണിരുന്നു. ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് സി.പി.ആര്‍. നല്‍കി അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
ഹൈദരാബാദില്‍ ഫെബ്രുവരി ഇരുപതിന് വിവാഹച്ചടങ്ങിനോടനുബന്ധിച്ച് നടന്ന ഹല്‍ദി ചടങ്ങിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വരന്റെ കാല്‍പാദത്തില്‍ മഞ്ഞള്‍ പുരട്ടുന്നിതിന് കുനിയുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് കരുതപ്പെടുന്നത്.
ഫെബ്രുവരി 23-ാം തീയതി 24 വയസ്സുകാരനായ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ ഹൈദരാബാദിലെ ജിമ്മില്‍ വ്യായാമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണകാരണവും ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.
Content Highlights: 19 year old youth collapses and dies while dancing at wedding function
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..