നിഷാന്തിനെ രക്ഷിക്കുന്നതിന്റെ ദൃശ്യം
ബെംഗളൂരൂ: മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍, ട്രെക്കിങ്ങിനു പോയ ബാബു എന്ന യുവാവ് കുടുങ്ങിയതും അദ്ദേഹത്തെ രക്ഷിച്ചതിന്റെയും വാര്‍ത്തകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതിനു സമാനമായ വാര്‍ത്തയാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍നിന്ന് വരുന്നത്.
നന്ദിഹില്‍സില്‍ ട്രെക്കിങ്ങിനിടെ മുന്നൂറടി താഴേക്കുവീണ 19-കാരനെ വ്യോമസേനയും കര്‍ണാടക പോലീസും ചേര്‍ന്നാണ് രക്ഷിച്ചത്. കേരളത്തില്‍ ബാബു ആയിരുന്നെങ്കില്‍ നിഷാങ്ക് ശര്‍മ എന്ന ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് നന്ദിഹില്‍സിലെ കഥാനായകന്. നന്ദി ഹില്‍സിലെ ബ്രഹ്മഗിരി റോക്ക്സില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
പ്രദേശത്തേക്ക് പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, ഹില്‍സിലേക്കുള്ള ചെക്ക് പോസ്റ്റിന് സമീപംവെച്ച് നിഷാങ്കിനെ തടഞ്ഞിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നിഷാങ്ക് തന്റെ മോട്ടോര്‍ സൈക്കിള്‍ ചെക്ക് പോസ്റ്റില്‍ പാര്‍ക്ക് ചെയ്ത ശേഷം ട്രെക്കിങ്ങിനു പോവുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
പ്രദേശത്ത് കനത്ത മൂടല്മഞ്ഞുമുണ്ടായിരുന്നു. പാറയിടുക്കിലേക്ക് വീണെങ്കിലും നിഷാങ്കിന് പിടിച്ചു കിടക്കാനായി. തുടര്‍ന്ന് നിഷാങ്ക് തന്നെയാണ് വീട്ടുകാരെയും പ്രാദേശിക പോലീസിനെയും വിളിച്ച് അറിയിച്ചത്. നിഷാങ്ക്, ലൊക്കേഷന്‍ ഓണ്‍ ആക്കിയിട്ടതിനാലാണ് തങ്ങള്‍ക്ക് പ്രദേശത്തേക്ക് വേഗം എത്താന്‍ സാധിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. എന്നിരുന്നാലും നിഷാങ്കിന്റെ അടുത്തേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുറിവേറ്റിരുന്നതിനാല്‍ പാറയിലൂടെ നിഷാന്തിനെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. തുടര്‍ന്ന് പോലീസ് ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടി. ജില്ലാ ഭരണകൂടമാണ് വ്യോമസേനയുമായി ബന്ധപ്പെട്ടത്.
ബ്രഹ്മഗിരി റോക്ക്സില്‍ ട്രെക്കിങ്ങിനെത്തിയ യുവാവ് കുടുങ്ങിക്കിടക്കുന്ന വിവരം ചിക്കബല്ലാപുര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആണ് യെലഹങ്കയിലെ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ അറിയിച്ചതെന്ന് പ്രതിരോധ സേനാവക്താവ് വ്യക്തമാക്കി. എം.ഐ. 17 ഹെലികോപ്റ്ററാണ് രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. പ്രാദേശിക പോലീസിന്റെയും മറ്റും സഹായത്തോടെ നിഷാങ്കിനെ കണ്ടെത്താനായി. അപകടകരമായ പ്രതലമായിരുന്നതിനാല് ഹെലികോപ്ടറിന് ലാന്‍ഡിങ് സാധ്യമായിരുന്നില്ല. തുടര്‍ന്ന് ഹെല്കോപ്ടര്‍ നിഷാങ്കിന്റെ അടുത്തേക്ക് താഴ്ത്തി. ഹെലികോപ്ടറിലുണ്ടായിരുന്ന ഫ്ളൈറ്റ് ഗണ്ണര്‍ താഴെയെത്തി നിഷാങ്കിനെ ഉയര്‍ത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നു.
രക്ഷിച്ച നിഷാങ്കുമായി വ്യോമസേനാ സംഘം യെലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷനിലെത്തി. പിന്നാലെ നിഷാങ്കിനെ സമീപത്തെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Content Highlights: 19 year old trekker falls into gorge in nandi hills rescued
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..