ഭോപ്പാല്‍: വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തിലും പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ചില ബി ജെ പി നേതാക്കളുടെ വിജയവും ചോദ്യം ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതിയില്‍ 19 ഹര്‍ജികള്‍. ഇതില്‍ 17 ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പരാജയപ്പെട്ടവരാണ്. 

സാധാരണക്കാരായ വോട്ടര്‍മാരാണ് മറ്റു രണ്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് ദീക്ഷിതാണ്. വര്‍ഗീയത ഉയര്‍ത്തിയും ക്രമക്കേടുകള്‍ കാണിച്ചും വോട്ടുനേടിയാണ് പ്രജ്ഞ വിജയിച്ചതെന്ന് രാകേഷിന്റെ അഭിഭാഷകന്‍ അരവിന്ദ് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. 

സിധിയില്‍നിന്നു വിജയിച്ച ബിജെപി എം പി റീതി പാഠക്കിനെതിരെയും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രാജ് കുമാര്‍ ചൗഹാന്‍ എന്നയാളാണ് റീതിയുടെ വിജയത്തെ ചോദ്യം ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തെ കുറിച്ചും രാജ്കുമാര്‍ സംശയമുന്നയിച്ചിട്ടുണ്ട്. 

വോട്ടെണ്ണല്‍ ദിനമായ മേയ് 23ന് പുറത്തെടുക്കുമ്പോള്‍ 99 ശതമാനം വോട്ടിങ് യന്ത്രങ്ങളുടെയും ബാറ്ററികള്‍ക്ക് ചാര്‍ജുണ്ടായിരുന്നു. കേവലം ഒരുശതമാനം ചാര്‍ജ് മാത്രമേ വോട്ടെടുപ്പു ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ചിട്ടും മെഷീനില്‍ നിന്ന് കുറഞ്ഞിട്ടുള്ളൂ, ഇത് അവിശ്വസനീയമാണ്- രാജ് കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. വിഷയത്തെ കുറിച്ച് കോണ്‍ഗ്രസ് ഏജന്റ് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

content highlights: 19 pleas doubts over voting machines working and victory of pragya singh thakur