ന്യൂഡല്‍ഹി: രാജ്യത്ത് 94 കോടി പേര്‍ 18 വയസ്സിനു മുകളിലുള്ളതായി കണക്കാക്കുന്നെന്നും ഇവര്‍ക്ക് നല്‍കാന്‍ 188 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഭാവിയില്‍ ഒറ്റ ഡോസ് വാക്‌സിനുകള്‍ക്ക് ഉപയോഗ അനുമതി ലഭിക്കുന്നപക്ഷം ആവശ്യമായ വാക്‌സിന്‍ ഡോസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്നും സര്‍ക്കാര്‍ രാജ്യസഭയില്‍ നൽകിയ മറുപടിയില്‍ വ്യക്തമാക്കി. 

നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക്, ആവശ്യത്തിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടോ എന്ന ചോദ്യത്തിന്- 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ 187 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ മറുപടി നല്‍കി. പരീക്ഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചില വാക്‌സിനുകള്‍ക്കു കൂടി അനുമതി ലഭിച്ചേക്കുമെന്നും അവ യോജിച്ച പ്രായത്തിലുള്ളവര്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസിന് 600 രൂപയ്ക്കും കൊവാക്‌സിന് 1200 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന് ഡോസ് ഒന്നിന് 948 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഇത് രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല. അതിനാല്‍ ഇറക്കുമതി ചെയ്യുകയാണുള്ളത്. 

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജും സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കുത്തിവെപ്പിന് പരമാവധി 150 രൂപയേ സര്‍വീസ് ചാര്‍ജായി ഈടാക്കാനാകൂ.

content highlights: 188 crore Covid vaccine doses required to inoculate 18-plus population says govt