ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതീവസുരക്ഷാ ജയിലിനുള്ളില്‍ പാകിസ്താനിലെയും കശ്മീരിലെയും ഭീകരവാദികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശൃംഖല തകര്‍ത്ത് സുരക്ഷാസേന. ജമ്മുവിലെ കോട് ബാല്‍വാല്‍ ജയിലില്‍ പ്രവര്‍ത്തിച്ചിരുന്ന ശൃംഖലയാണ് സേന തകര്‍ത്തത്. സി.ഐ.ഡിയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം, പോലീസ്, സി.ആര്‍.പി.എഫ്. എന്നിവര്‍ ചേര്‍ന്ന് ജയിലില്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തു.

18 മൊബൈല്‍ ഫോണുകള്‍, ബ്ലൂ ടൂത്ത് ഉപകരണങ്ങള്‍, 13 സിം കാര്‍ഡ്, ചാര്‍ജറുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് ജയില്‍ ബാരക്കുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്. ജയിലില്‍ കഴിയുന്ന ഭീകരവാദികള്‍, പുറത്തുള്ള ഭീകരസംഘടനാംഗങ്ങളുമായി ബന്ധം പുലര്‍ത്താനും പദ്ധതികള്‍ നടപ്പാക്കാനുമാണ് ഇവ ഉപയോഗിച്ചിരുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പിടിച്ചെടുത്തവയില്‍ സ്മാര്‍ട്ട് ഫോണുകളുമുണ്ട്.

എന്‍.ഐ.എ. കോടതിയില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് തിരച്ചില്‍ നടത്തിയതെന്നും ജയില്‍ ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തതായും അധികൃതര്‍ അറിയിച്ചു. ജയില്‍ജീവനക്കാര്‍ ഈ ശൃംഖലയില്‍ ഭാഗമാണോയെന്നും മൊബൈല്‍ ഫോണ്‍ കടത്തിക്കൊണ്ടുവരാന്‍ സഹായിച്ചുവോ എന്ന കാര്യവും അന്വേഷിക്കും. റെയ്ഡിനെ കുറിച്ച് വിവരം ലഭിച്ചതിനു പിന്നാലെ ഭീകരവാദികള്‍ മൊബൈല്‍ ഫോണും മറ്റും ബാരക്കിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. അതിനാല്‍ ഇവ ഭീകരവാദികളില്‍നിന്ന് നേരിട്ടല്ല പിടിച്ചെടുത്തിട്ടുള്ളത്. 

കുടുംബാംഗങ്ങളെന്ന വ്യാജേന ഭീകരവാദികളെ കാണാനെത്തുന്നവരാണ് മൊബൈല്‍ ഫോണുകള്‍ ജയിലിനുള്ളില്‍ എത്തിച്ചു കൊടുത്തിരുന്നത് എന്നാണ് വിവരം. അതേസമയം പിടിച്ചെടുത്ത മുഴുവന്‍ ഫോണുകളും ഭീകരവാദികള്‍ ഉപയോഗിച്ചിരുന്നവയല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിചാരണത്തടവുകാര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. 

content highlights: 18 mobile phones recovered from high security jail in J&K