ലക്‌നൗ: കുറ്റവാളികളെ പിടികൂടാനായി കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത് 18 വെടിവയ്പ്പുകള്‍. പോലീസ് പിടികിട്ടാപുള്ളയായി പ്രഖ്യാപിച്ചിരുന്ന 25 പേരെ അറസ്റ്റ് ചെയ്തതായും പ്രതിഫലം പ്രഖ്യാപിച്ചിരുന്ന ഒരു കുറ്റവാളിയെ കൊലപ്പെടുത്തിയതായും പോലീസ് അറിയിച്ചു. എന്നാല്‍, നിരന്തരമായുണ്ടാകുന്ന വെടിവയ്പ്പിനെതിരേ ശക്തമായി വിമര്‍ശനം മേഖലയില്‍ ഉയരുന്നുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിനും സ്വയ രക്ഷയ്ക്കുമായാണ് പോലീസ് വെടിവയ്പ്പ് നടത്തിയതെന്നായിരുന്നു ഡിജിപി ഒ.പി. സിങ് വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. 

ഗാസിയാബാദ് സ്വദേശിയായ ഇന്ദ്രപാലിനെയാണ് പ്രത്യേക ദൗത്യസേന ഇന്ന് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ 33 കേസുകള്‍ നിലവിലുള്ളതായും പോലീസ് വെളിപ്പെടുത്തി. 2013ല്‍ ഹരിദ്വാറില്‍ പോലീസുകാരന്റെ മരണത്തിനിടയാക്കിയ വെടിവയ്പ്പിലെ മുഖ്യപ്രതിയും ഇയാളാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് കനൗജ് ജില്ലയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാല്‍, ആക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച നടന്ന വെടിവയ്പ്പില്‍ രണ്ട് പോലീസ് തലക്ക് വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളികളെ പോലീസ് പിടികൂടിയിരുന്നു. വ്യവസായിയായ ദിനേഷ് ഗുപ്തയെ കൊലപ്പെടുത്തിയത് ഇവരാണെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു.

യോഗി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പ് തന്നെ 950ഓളം വെടിവയ്പ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 30 പേര്‍ കൊല്ലപ്പെടുകയും 200 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

യുപി പോലീസിന്റെ ഈ നടപടിയെ തുടര്‍ന്ന് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പോലീസിന് മനുഷ്യാവകാശ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, എല്ലാം വെടിവയ്പ്പുകളും സംബന്ധിച്ച് മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.