ഭർത്താവിന്റെ മരിച്ചവിവരം പങ്കിടുമ്പോൾ വിതുമ്പുന്ന മൃദുസ്മിത ദാസ്| photo: youtube|screengrab
ന്യൂഡല്‍ഹി: ''അച്ഛനെന്താ വരാന്‍ വൈകുന്നത്?'' കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന അച്ഛന്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് എയര്‍ ഇന്ത്യയിലെ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരിയുടെ അഞ്ചു വയസ്സുകാരി മകള്‍. കോവിഡിനോടുളള പോരാട്ടത്തിനിടയില്‍ അച്ഛന്‍ തങ്ങളെ വിട്ടുപോയത് ആ കുരുന്ന് അറിഞ്ഞിട്ടില്ല.
'അവള്‍ അച്ഛന്‍ തിരികെ വരുന്നത് കാത്തിരിക്കുകയാണ്. അച്ഛന്‍ ആശുപത്രിയിലാണെന്ന് അവളോട് പറഞ്ഞു. എന്താണ് ഇത്ര വൈകുന്നതെന്ന് ചോദിച്ചു കൊണ്ടേയിരിക്കുകയാണ്. ഭര്‍ത്താവിന്റെ അവസാന ചടങ്ങുകള്‍ ചെയ്യുന്നതിനായി ഞാന്‍ ഹരിദ്വാറില്‍ ആണ്. എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പ്രായമായവരാണ്, അവര്‍ വിരമിച്ചു. ഞങ്ങള്‍ ജീവിതം ആരംഭിച്ചതേ ഉണ്ടായിരുന്നുളളൂ.' തിവാരിയുടെ ഭാര്യ മൃദുസ്മിത ദാസ് പറഞ്ഞു. 2016-ലാണ് ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി എയര്‍ ഇന്ത്യയില്‍ ചേരുന്നത്.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 17 പൈലറ്റുമാരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ വന്ദേഭാരത് മിഷനിലൂടെ തിരികെയെത്തിക്കുന്നതിനുളള ദൗത്യത്തിലായിരുന്നു രാജ്യത്തെ പൈലറ്റുമാര്‍. എന്നാല്‍, കോവിഡ് ബാധിച്ച് മരണപ്പെടുന്ന പൈലറ്റുമാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി ഇതുവരെയില്ലെന്ന് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പൈലറ്റ്‌സ് പറയുന്നു. പൈലറ്റുമാര്‍ക്ക് ഇന്‍ഷുറന്‍സ് പോലുളള പരിരക്ഷയില്ല. അയ്യായിരത്തോളം അംഗങ്ങളുളള ഫെഡറേഷന്‍ ചൂണ്ടിക്കാണിക്കുന്നു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങി രാജ്യത്തെ വിവിധ എയര്‍ലൈനുകളില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരാണ് ഫെഡറേഷനിലെ അംഗങ്ങള്‍. കോവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിഭാഗത്തിനൊപ്പം എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വിഭാഗം കൂടി സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എയര്‍ ഇന്ത്യയില്‍ മാത്രം 1995 പൈലറ്റുമാരാണ് കോവിഡ് ബാധിതരായത്. ഇവരില്‍ 583 പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നു.
'വന്ദേഭാരത് ഫ്‌ളൈറ്റുകള്‍ പറത്തുന്നതില്‍ സന്ദീപിന് ഭയമുണ്ടായിരുന്നില്ല. ആരും പോകാന്‍ തയ്യാറാകാതിരുന്ന സ്ഥലങ്ങളിലേക്കാണ് അദ്ദേഹം പോയത്. രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന വേളയില്‍ രാജ്യത്തിന് വേണ്ടി സേവനസന്നദ്ധനാകാന്‍ അദ്ദേഹം തയ്യാറായിരുന്നു.'' വന്ദേഭാരത് മിഷന് ഇടയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട എയര്‍ഇന്ത്യ പൈലറ്റ് സന്ദീപ് റാണയുടെ ഭാര്യ ഷാലി റാണ പറയുന്നു.
പൈലറ്റുമാരെ മുന്‍നിര പ്രവര്‍ത്തകരായി കണക്കാക്കി അവര്‍ വാക്‌സിന്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന അഞ്ചു പൈലറ്റുമാരില്‍ ഒരാളായിരുന്നു 61-കാരനായ സന്ദീപ് റാണ. മെയ് മാസത്തിലാണ് കോവിഡ് ബാധിതനായി റാണ മരണപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ രാജ്യത്തിന് വേണ്ടിയുളള സേവനത്തിനിടയിലാണല്ലോ മരണപ്പെട്ടത് എന്നതില്‍ അഭിമാനിക്കുന്നവരാണ് പൈലറ്റുമാരുടെ കുടുംബാംഗങ്ങള്‍.
കോവിഡ് 19 മഹാമാരിയുടെ കാലത്ത് ജോലി ചെയ്യുന്നതിലെ വെല്ലുവിളി തന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് ക്യാപ്റ്റന്‍ പ്രസാദ് കര്‍മാകറിന്റെ മകള്‍ പൂര്‍വ പറയുന്നു. അച്ഛന് വാക്‌സിനേഷന്‍ ലഭിക്കാതിരുന്നതു കൊണ്ടാണല്ലോ ജോലിക്കിടയില്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത് എന്ന ഒരു സങ്കടം മാത്രമാണ് തനിക്കുളളതെന്നും പൂര്‍വ പറഞ്ഞു. 1991-ലാണ് കര്‍മാകര്‍ എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അദ്ദേഹം വന്ദേഭാരത് മിഷനില്‍ ഭാഗമായിരുന്നു.
Content Highlights: 17 pandemic-related deaths have been reported among pilots in India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..