ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് പതിനാറുകാരനെ ആറുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് പേര്‍ ഒളിവിലാണ്.

ചൊവ്വാഴ്ച്ച രാവിലെയാണ് മോഷണക്കുറ്റം ആരോപിച്ച് ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ജോലി അന്വേഷിച്ച് പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് കാണ്‍പൂരില്‍ നിന്ന് ആണ്‍കുട്ടി ഡല്‍ഹിയിലെത്തിയത്. കാണ്‍പൂരില്‍ മദ്രസ വിദ്യാര്‍ഥിയായിരുന്നു ഇയാള്‍.

മോഷ്ടാവിനെ പിടികൂടിയെന്ന് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ തങ്ങള്‍ കണ്ടത് അവശനിലയിലായ ആണ്‍കുട്ടിയെയാണെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തങ്ങളുടെ വീട്ടില്‍ നിന്ന് മോഷണം നടത്തുന്നതിനിടെ പിടികൂടിയെന്നാണ് ആണ്‍കുട്ടിയെ കെട്ടിയിട്ടിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. പോലീസെത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു കുട്ടി. 

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓട്ടോറിക്ഷാ ഡ്രൈവറെയും ഫാക്ടറി ജീവനക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഹോദരന്മാരുമാണ്. ഇവരുടെ സഹോദരനും ബന്ധുക്കളുമാണ് ഒളിവിലുള്ള നാലു പേര്‍. പുലര്‍ച്ചെ മൂന്നരയോടെ മോഷണ ശ്രമത്തിനിടെ കുട്ടിയെ തങ്ങള്‍ പിടികൂടിയെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. മൂന്നു മണിക്കൂറോളം ഇവര്‍ ആറു പേരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പോലീസ് പറയുന്നത്. ഇവരിലൊരാളുടെ ഫോണ്‍ ആണ്‍കുട്ടിയുടെ പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

എന്നാല്‍, ഈ ആരോപണം കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ നിഷേധിച്ചു. ജോലിയന്വേഷിച്ചെത്തിയ തന്റെ സഹോദരന്‍ മോഷണം നടത്തില്ലെന്ന് ഉറപ്പുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇയാള്‍ പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്.

content highlights: 16-year-old boy lynched in Delhi