പട്‌ന: വിധവയായ സഹോദരഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതില്‍ മനംനൊന്ത് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. പരൈയലിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയായ മഹാദേവ് ദാസാണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വിനോബ നഗര്‍ ഗ്രാമത്തില്‍ വച്ചായിരുന്നു വിവാഹം. മൂത്തസഹോദരന്‍ സന്തോഷ് ദാസിന്റെ ഭാര്യ റൂബി ദേവിയെയാണ് മഹാദേവിനെ കൊണ്ട് വിവാഹം ചെയ്യിച്ചത്. മഹാദേവിനെക്കാള്‍ പത്തുവയസ്സ് മുതിര്‍ന്ന സ്ത്രീയായിരുന്നു റൂബി. മാത്രമല്ല രണ്ടുമക്കളുടെ അമ്മ കൂടിയായിരുന്നു ഇവര്‍.

ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും നിര്‍ബന്ധം മൂലമാണ് മഹാദേവിന് റൂബിയെ വിവാഹം കഴിക്കേണ്ടി വന്നത്. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോയ മഹാദേവിനെ വൈകിട്ട് ഏഴുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മഹാദേവിനെ കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിച്ചത് റൂബിയുടെ മാതാപിതാക്കളായിരുന്നെന്ന് മഹാദേവിന്റെ അച്ഛന്‍ ചന്ദ്രേശ്വര്‍ പറഞ്ഞു.

ഇതിന്റെ കാരണമായി ചന്ദ്രേശ്വര്‍ പറയുന്നത് ഇങ്ങനെ: മഹാദേവിന്റെ സഹോദരന്‍ സന്തോഷ് ദാസ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ഇലക്ട്രീഷ്യനായിരുന്നു. 2013 ലാണ് സന്തോഷ് വൈദ്യുതാഘാതമേറ്റ് മരിക്കുന്നത്‌. അന്ന് നഷ്ടപരിഹാരമായി എണ്‍പതിനായിരം രൂപ സ്ഥാപനം നല്‍കിയിരുന്നു. ആ തുക തന്റെ അക്കൗണ്ടിലായിരുന്നു നിക്ഷേപിച്ചിരുന്നത്.

തുടര്‍ന്ന് ആ തുക റൂബിയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ റൂബിയും മാതാപിതാക്കളും നിരന്തരം നിര്‍ബന്ധിച്ചിരുന്നു. 27000 രൂപ ഇതിനോടകം റൂബിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ബാക്കി തുക ഉടന്‍ തന്നെ നിക്ഷേപിച്ചു കൊള്ളാമെന്ന് ഉറപ്പും നല്‍കിയിരുന്നു.

എന്നാല്‍ വീണ്ടും റൂബിയും മാതാപിതാക്കളും സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഒന്നുകില്‍ പണം റൂബിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുക അല്ലെങ്കില്‍ മഹാദേവിനെ കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കുക. അങ്ങിനെയാണ് മഹാദേവിനെ കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കേണ്ടി വന്നത്. അസ്വാഭാവിക മരണത്തിന് പരൈയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

content highlights:15year old boy committed suicide after marriage with widowed sister in law bihar child marriage