ന്യൂഡല്‍ഹി: 15 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഡല്‍ഹിയില്‍ വൈദ്യുതി സൗജന്യമായി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം ഈടാക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ പുറത്താണ് ഇത്രയധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായത്. ഏകദേശം 14.64 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ തീരുമാന പ്രകാരം സെപ്റ്റംബറിലെ വൈദ്യുത ബില്ല് അടക്കേണ്ടതില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആദ്യം സ്വന്തമായി വീടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കിയിരുന്നതെങ്കില്‍ പിന്നീട് വാടകയ്ക്ക് താമസിക്കുന്നവരെക്കൂടി സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ ഗാര്‍ഹിക ഉപയോക്താക്കളില്‍ 28 ശതമാനം വരുന്ന ആളുകള്‍ക്കാണ് ഇത്തവണ വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടതില്ലാത്തത്.
സൗത്ത്, വെസ്റ്റ് ഡല്‍ഹി പ്രദേശങ്ങളിലുള്ളവരാണ് ഈ ആനുകൂല്യം കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ ബില്‍ തുക സര്‍ക്കാര്‍ നല്‍കും. ബിആര്‍പിഎല്‍, ബിവൈപിഎല്‍, ടിപിഡിഡിഎല്‍ എന്നീ കമ്പനികളാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്നത്.
നേരത്ത 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് മാസം 800 രൂപ നല്‍കേണ്ടതുണ്ടായിരുന്നു. ഈ തുക പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. കൂടാതെ 201 മുതല്‍ 400 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപയോക്താക്കളുടെ വാര്‍ഷിക ഉപയോഗം കണക്കാക്കി പരമാവധി 50 ശതമാനം വരെ ബില്‍ തുകയില്‍ സര്‍ക്കാര്‍ സബ്‌സിഡി കൊടുക്കുകയും ചെയ്യും. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 2500 കോടി രൂപ കണ്ടെത്തേണ്ടി വരും.
Content Highlights: 15 lakh Delhiites got zero power bills