ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ജാമിയ മിലിയ വിദ്യാര്‍ഥികളും ഇടത് പാര്‍ട്ടികളും നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു.

ചെങ്കോട്ടയിലേക്കാണ് ജാമിയ മിലിയ വിദ്യാര്‍ഥികള്‍ മാര്‍ച്ച് തീരുമാനിച്ചിരുന്നത്. അതേസമയം അനുമതിയില്ലെങ്കിലും മാര്‍ച്ച് നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയിലേക്കെത്തുന്ന വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

ഡല്‍ഹിയിലെ മണ്ഡി ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കായിരുന്നു ഇടത് പാര്‍ട്ടികളുടെ മാര്‍ച്ച്. ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്‌, ചെന്നൈ നഗരങ്ങളിലെ റാലികള്‍ക്കും സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

പ്രതിഷേധം അക്രമാസക്തമാകുമെന്ന മുന്നറിയിപ്പില്‍  ഉത്തര്‍ പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിമയ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്‌നൗ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ സമരാനുകൂലികളായ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ അഹമ്മാബാദ് അടക്കമുള്ള നിരവധി നഗരങ്ങളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി.

പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്‌. കര്‍ശന പരിശോധനയ്ക്ക് ശേഷമേ ഗുരുഗ്രാമില്‍നിന്ന് വാഹനങ്ങള്‍ കടത്തി വിടുന്നുള്ളു. രാവിലെ മുതല്‍ വലിയ ട്രാഫിക് കുരുക്കാണ് ഗുരുഗ്രാമിലെ ദേശീയ പാതയില്‍ അനുഭവപ്പെടുന്നത്.

Content Highlights; 14 metro stations shut in delhi over citizenship act protests