കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. പതിന്നാലു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് അപകടമുണ്ടായത്. മൂന്നു ട്രെയിനുകള്‍ ഒരേ സമയം അടുത്തടുത്ത പ്ലാറ്റഫോമുകളില്‍ എത്തിയതോടെ അവയില്‍ കയറാന്‍ നടപ്പാലത്തിലൂടെ ഓടിയവരാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ ഷാലിമാര്‍ എക്സ്പ്രെസും രണ്ടു ലോക്കല്‍ ട്രെയിനുകളുമാണ് ഒരേ സമയം സ്റ്റേഷനിലെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വെ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.

ലോക്കല്‍ ട്രെയിനുകള്‍ക്കു പുറമെ നിരവധി എക്‌സ്‌പ്രെസ് ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റേഷനാണ് ഹൗറ സ്റ്റേഷനില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരെയുള്ള സാന്ദ്രഗാച്ചി റെയില്‍വേ സ്റ്റേഷന്‍. അവിടെനിന്ന് മധ്യ കൊല്‍ക്കത്ത, തെക്കന്‍ കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ യാത്ര എളുപ്പമായതിനാല്‍ യാത്രക്കാരേറെയെത്തുന്ന സ്റ്റേഷനാണിത്.