ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ചന്ദ്രയാന്‍ 2 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണചരിത്രത്തില്‍ പൂര്‍ത്തീകരിക്കാത്ത ദൗത്യമാകുന്നു. സെപ്റ്റംബര്‍ 21 ന്  ഒരു ചാന്ദ്രദിനം (14 ഭൗമദിനങ്ങള്‍) പൂര്‍ത്തിയാകുന്നതോടെ ചന്ദ്രന്റെ ദക്ഷിണഭാഗത്തെ സൂര്യപ്രകാശത്തിന്റെ അളവ് കുറയും. ഈ സാഹചര്യത്തില്‍ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീ ചാര്‍ജ് ചെയ്യാനാവാതെവരുന്നതാണ് വിക്രം ലാന്‍ഡറും റോവര്‍ പ്രഗ്യാനും വീണ്ടും പ്രവര്‍ത്തനക്ഷമാകാനുള്ള സാധ്യത ഇല്ലാതാക്കുന്നത്.

സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ മാത്രം അകലെവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങിയ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഐഎസ്ആര്‍ഒ. 

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം നടത്തുകയും ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുകയുമായിരുന്നു ചന്ദ്രയാന്‍ 2-ന്‍റെ ദൗത്യം. ചന്ദ്രയാന്‍റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും റോവര്‍ പ്രഗ്യാനുമുള്‍പ്പെടെ എല്ലാ ഭാഗങ്ങളും ഇന്ത്യ തദ്ദേശീയമായാണ് വികസിപ്പിച്ചത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനിലിറങ്ങാന്‍ നിമിഷങ്ങള്‍ അവശേഷിക്കെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ ലാന്‍ഡര്‍ തകര്‍ന്നിട്ടുണ്ടാവാമെന്ന് ആദ്യം കരുതിയെങ്കിലും ലാന്‍ഡറിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഐഎസ്ആര്‍ഒ പിന്നീട് സ്ഥിരീകരിച്ചു. 

സെപ്റ്റംബര്‍ ഏഴ് മുതല്‍ പിന്നീട് പിന്നിട്ട ഓരോ മണിക്കൂറും നിര്‍ണായകമായിരുന്നു. ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ തുടര്‍ന്നു. 2024 ല്‍ നടത്താനിരിക്കുന്ന തങ്ങളുടെ ചാന്ദ്രദൗത്യത്തിന് മുതല്‍ക്കൂട്ടാവുന്ന വിവരങ്ങള്‍ ചന്ദ്രയാന്‍ 2 ല്‍ നിന്ന് ലഭ്യമായേക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന നാസയും ലാന്‍ഡറുമായുള്ള സമ്പര്‍ക്കം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്നു. എന്നാല്‍ നാസയുടെ ലൂണാര്‍ റീകോനസെന്‍സ് ഓര്‍ബിറ്ററില്‍ ലാന്‍ഡറുടെ ചിത്രങ്ങള്‍ പതിയാതിരുന്നത് ലാന്‍ഡറെ പുനഃപ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ അസാധ്യമാക്കി. 

ലാന്‍ഡറും റോവറുമായി ചന്ദ്രന്റെ ആകാശത്തെത്തിയ ഓര്‍ബിറ്റര്‍ ഏഴു കൊല്ലം ചന്ദ്രനെ ചുറ്റും. ചന്ദ്രനില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും നല്‍കാന്‍ ഓര്‍ബിറ്ററിന് കഴിയും. എങ്കിലും ചന്ദ്രോപരിതലത്തിലിറങ്ങി വിവരം ശേഖരിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ ലാന്‍ഡറോടൊപ്പം ഐഎസ്ആര്‍ഓയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ നിലവിലെ താപനില  മൈനസ് 232 ഡിഗ്രി സെല്‍ഷ്യസ് ആണ്. 

ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ജലസാന്നിധ്യത്തിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ചാന്ദ്രപര്യവേക്ഷണം ഈ മേഖലയിലാക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്. ജലസാന്നിധ്യം കണ്ടെത്തിയാല്‍ ജീവന്റെ സാധ്യതയെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ചന്ദ്രന്റെ ദക്ഷിണഭാഗത്ത് ലഭ്യമായ സൂര്യപ്രകാശത്തിന്റെ അളവ് താരതമ്യേന കുറവായതാണ് പ്രതികൂലമായത്. ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീ ചാര്‍ജ് ചെയ്യാനുള്ള സാധ്യത ഇതോടെ നഷ്ടമാവുകയായിരുന്നു. 

Content Highlights: 14-day window to reestablish link with Vikram lander ends today, Chandrayaan 2