ബംഗലൂരു: ജനാതാദള്‍ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008-ല്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 13-ാം വര്‍ഷം തികയ്ക്കുമ്പോള്‍ ബൊമ്മെയുടെ വളര്‍ച്ച കര്‍ണാടക സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ അമരത്തേക്കാണ്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. 

യെദ്യൂരപ്പയുടെ രക്തത്തിനായി മുറവിളി കൂട്ടിയ കര്‍ണാടക ബി.ജെ.പിയിലെ നേതാക്കള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. ബൊമ്മെ ഇവരെ എങ്ങനെ ഒപ്പം നിര്‍ത്തുമെന്നതും കാത്തിരുന്ന് കാണണം. 2023-ല്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതിനാല്‍ പാര്‍ട്ടിയെ അതിനായി സജ്ജമാക്കേണ്ട ഉത്തരവാദിത്തവും ബൊമ്മെയ്ക്കാണ്. ദളിത് വിഭാഗം ഉള്‍പ്പെടെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരംകാണേണ്ടതുണ്ട്. 

സംസ്ഥാനത്ത് 16 ശതമാനം വോട്ട് വിഹിതമുള്ള ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ബൊമ്മെക്ക് തുണയാകും. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവായതുകൊണ്ടുതന്നെ സാമുദായിക സമവാക്യങ്ങള്‍ പരിശോധിച്ചാലും ബൊമ്മയെ മുഖ്യമന്ത്രിയാക്കിയത് പരിക്കില്ലാത്ത തീരുമാനമാണ്.

യുവജനതാദള്‍ പ്രവർത്തകനായി തുടക്കം, പിന്നെ ബിജെപിയില്‍

നിലവിലെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മെ മധ്യകര്‍ണാടകയില്‍ നിന്നുള്ള എം.എല്‍.എയാണ്. 1980ല്‍ അദ്ദേഹത്തിന്റെ പിതാവ് എസ്.ആര്‍ ബൊമ്മെയും കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു.

രാഷ്ട്രീയത്തിലേക്ക് ചുവട്മാറ്റുന്നതിന് മുന്‍പ് ടാറ്റ മോട്ടേഴ്‌സിലെ എന്‍ജിനീയറായിരുന്നു ബൊമ്മെ. യുവ ജനതാദള്‍ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് പിന്നാലെ 1996ല്‍ എച്ച്.ജെ പട്ടേല്‍ സംസ്ഥാന മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998, 2004 വര്‍ഷങ്ങളില്‍ എം.എല്‍.സിയായി തിരഞ്ഞെടുക്കപ്പെട്ട ബൊമ്മെ, 2008 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ഷിഗാവ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. 2008ല്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സഹകരണം, പാര്‍ലമെന്ററികാര്യം, നിയമ വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഇന്ന് കേന്ദ്ര നീരീക്ഷകരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ യെദ്യൂരപ്പയാണ് ബസവരാജിന്റെ പേര് നിര്‍ദേശിച്ചത്. ഇത് എം.എല്‍.എമാര്‍ അംഗീകരിക്കുകയായിരുന്നു. താന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തീരുമാനത്തോട് അദ്ദേഹം പ്രതികരിച്ചത്. തനിക്ക് പാര്‍ട്ടി നല്‍കിയരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാകും ഇനിയും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.

14 വര്‍ഷം, ആറ് മുഖ്യമന്ത്രിമാര്‍

2007ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്. അന്ന് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ ആറാമത്തെ മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മെ; ബിജെപിയുടെ നാലാമത്തെയും. 2008ല്‍ യെദ്യൂരപ്പ നയിച്ച ബിജെപി നിയമസഭയില്‍ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി. എക്കാലവും രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന കര്‍ണാടകയില്‍ ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത് മൂന്ന് മുഖ്യമന്ത്രിമാരുടെ കീഴിലാണ്. 

അഴിമതി ആരോപണം നേരിട്ട യെദ്യൂരപ്പ രാജിവെച്ചപ്പോള്‍ സദാനന്ദ ഗൗഡയും പിന്നീട് ജഗദീഷ് ഷെട്ടാറും മുഖ്യമന്ത്രിമാരായി. 2013ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. 2018ല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയോടെ ജനാതാദള്‍ സഖ്യസര്‍ക്കാരിന്റെ തലപ്പത്ത് എച്ച്.ഡി കുമാരസ്വാമിയെത്തി. പിന്നീട് എംഎല്‍എമാര്‍ ചുവട് മാറിയതോടെ 2019ല്‍ യെദ്യൂരപ്പ വീണ്ടും അധികാരത്തിലെത്തി. ഇന്നലെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് ബസവരാജ് ബൊമ്മെയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

Content Highlights: 13 years from janata Dal to BJP and Basavaraj Bommai is new Karnataka CM