ചെന്നൈ: തമിഴ്നാട്ടില്‍ ചെങ്കൽപേട്ട് ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ 13 രോഗികള്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ മെഡിക്കല്‍ ഐസിയുവിലടക്കം മൂന്ന് വ്യത്യസ്ത ബ്ലോക്കുകളിലായി രോഗികളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഓക്‌സിജന്‍ ക്ഷാമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും ജില്ലാ ഭരണകൂടം ആരോപണങ്ങള്‍ നിഷേധിച്ചു. 

ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്നും വിതരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സംഭവമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ മാത്രമാണ് കോവിഡ് രോഗിയെന്നും ജില്ലാ കളക്ടര്‍ എ. ജോണ്‍ ലൂയിസ് വിശദീകരിച്ചു. സാങ്കേതിക പ്രശ്നം ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നും തകരാറിനുള്ള കാരണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ഓക്‌സിജന്‍ വീണ്ടും നിറയ്ക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ വരേണ്ട ടാങ്കര്‍ വൈകുന്നേരം 4 മണി വരെ എത്തിയിരുന്നില്ലെന്നും അതിനാല്‍ വിതരണം തടസ്സപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

13 patients die in Tamil Nadu government hospital, officials deny shortage of oxygen supply