രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം വ്യാഴാഴ്ച മാത്രമേ ഉണ്ടാകൂവെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരാണ് 14-ല്‍ 13 പേരും മരിച്ച വിവരം അറിയിച്ചിട്ടുള്ളത്.
എന്നാല്‍, സി.ഡി.എസ്. ബിപിന്‍ റാവത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഡി.എന്‍.എ. പരിശോധനകള്‍ നടത്തിയാണ് മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ഇതടക്കമുള്ള കാര്യങ്ങള്‍ രാജ്‌നാഥ് സിങ് നാളെ പ്രസ്താവിച്ചേക്കും. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക അപകടത്തില്‍ മരിച്ചു.
അപകടത്തിന് പിന്നാലെ രാജ്‌നാഥ് സിങ് ബിപിന്‍ റാവത്തിന്റെ വസതി സന്ദര്‍ശിച്ചു. വ്യോമസേന മേധാവിയോട് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ കരസേനാ മേധാവി എം.എം. നരവനെ അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രിക്ക് വിശദീകരണം നല്‍കി. കരസേനാ മേധാവിയും ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ മാത്രമാണ് വീട്ടിലുള്ളതെന്നാണ് വിവരം.
അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധമന്ത്രി വിവരം ധരിപ്പിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിതല ഉപസമിതി ഇന്ന് 6.30-ന് യോഗംചേരും.
വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടത്. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുനൂര്‍ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..