ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2014 മുതല്‍ 2017 വരെ രാജ്യത്ത് 2.2 കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2017 ലാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതെന്നും 1.3 കോടിയോളം തൊഴിലവസരങ്ങളാണ് 2017 ല്‍ മാത്രം സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ട്  പറയുന്നു. 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മുദ്ര യോജന, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവയാണ് ഏറ്റവുമധികം തൊഴിലുകള്‍ സൃഷ്ടിച്ചത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17 മുതല്‍ 30 ലക്ഷം തൊഴിലുകളാണ് നിര്‍മാണ മേഖലയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2017ല്‍ രാജ്യത്ത് എത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനൊപ്പം രാജ്യത്ത് പ്രതിവര്‍ഷം എത്രത്തോളം തൊഴിലുകള്‍ ആവശ്യമാണ് എന്ന് കണ്ടെത്തുന്നതിനും  വേണ്ടിക്കൂടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തൊഴിലുകള്‍ എത്രത്തോളം വേണമെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ വ്യക്തമായ സര്‍വേ റിപ്പോര്‍ട്ട് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ സാമ്പത്തികോപദേശക കൗണ്‍സില്‍ അംഗം സുര്‍ജിത് ഭല്ല പറയുന്നു. പ്രതിവര്‍ഷം ഒരുകോടി മുതല്‍ 1.2 കോടിവരെ തൊഴിലുകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന പൊതുവായ ധാരണയെ സുര്‍ജിത് ഭല്ല തള്ളിക്കളയുന്നുണ്ട്. ഇത്തരമൊരു കണക്ക് 2004 ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരമാണെന്നാണ് ഭല്ല പറയുന്നത്. 

2017 ല്‍ രാജ്യത്തെ തൊഴിലില്ലായ്മ എന്ന പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ വെറും 75 ലക്ഷം തൊഴിലുകള്‍ മാത്രമെ ആവശ്യമുണ്ടായിരുന്നുള്ളുവെന്നും ഭല്ല തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ സര്‍വേകള്‍ പ്രകാരം കണ്ടെത്തിയ കണക്കുകളിലെ പോരായ്മകള്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ മൈനോരിറ്റി ഇന്ത്യന്‍ എക്കണോമി, ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എന്നിവര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ 17 ലക്ഷം തൊഴിലുകള്‍ മാത്രമാണ് 2017 ല്‍ സൃഷ്ടിച്ചതെന്ന് പറയുന്നു.

ഇതിനെ തള്ളിപ്പറയുന്നു സുര്‍ജിത് ഭല്ല. സെന്റര്‍ ഫോര്‍ മൈനോരിറ്റി ഇന്ത്യന്‍ എക്കണോമി സര്‍വേയില്‍ നിറയെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഭല്ല പറയുന്നു. പുതിയ റിപ്പോര്‍ട്ടില്‍ 1.3 കോടിയാണ് തൊഴിലുകളുടെ എണ്ണമായി കണക്കാക്കിയിരിക്കുന്നത്.

Content Highlight: Modi Government, Job Creation, India, Unemployment