മീററ്റ് (യു.പി): ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 13 യാത്രക്കാരെ കാണാനില്ല. ഒമിക്രോണ്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ പരിശോധയിലാണ് വിദേശത്തുനിന്നെത്തിയ 297 യാത്രക്കാരില്‍ 13 പേരെ കാണാതായതായി തിരിച്ചറിഞ്ഞത്.

13 യാത്രക്കാരും തെറ്റായ മേല്‍വിലാസവും ഫോണ്‍ നമ്പറുമാണ് അധികൃതര്‍ക്ക് നല്‍കിയതെന്ന് മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഖിലേഷ് മോഹന്‍ പറഞ്ഞു. 13 പേരെയും കണ്ടെത്താനായി അവര്‍ നല്‍കിയ മേല്‍വിലാസം ഉള്‍പ്പെടെയുള്ളവ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിട്ടുണ്ടെന്നും അഖിലേഷ് മോഹന്‍ പറഞ്ഞു. 

297 യാത്രക്കാരില്‍ ഏഴ് പേര്‍ ഒമിക്രോണ്‍ ഏറ്റവും ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരാണെന്നാണ് വിവരം. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യം മുതല്‍തന്നെ വിദേശത്തുനിന്നെത്തുന്ന യാത്രക്കാര്‍ക്ക് മീററ്റ് വിമാനത്താവളത്തില്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 

കഴിഞ്ഞ ദിവസം ബെംഗളൂരുവിലും വിദേശത്തുനിന്നെത്തിയ 10 യാത്രക്കാരെ കാണാതായിരുന്നു. നേരത്തെ രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനായ രോഗി സ്വകാര്യ ലാബിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രാജ്യം വിടുകയും ചെയ്തിരുന്നു.

content highlights: 13 foreign returnees 'missing' in Meerut after giving officials wrong contact details