ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 13 ആയി. തീരദേശ ജില്ല കൂടിയായ നാഗപട്ടണത്ത് കനത്തമഴയേത്തുടര്‍ന്ന് വെള്ളം കയറി വന്‍തോതില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. 200ലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

നാഗപട്ടണത്തിനും വേദാരണ്യത്തിനും മധ്യേ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കനത്ത മഴയോടുകൂടി ഗജ തീരം തൊട്ടത്. 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. 

പത്ത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 471 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,948 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നാഗപട്ടണത്തിന് പുറമേ കടലൂര്‍, രാമനാഥപുരം, തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 

ശക്തമായ കാറ്റിലും മഴയിലും വേളാങ്കണ്ണി പള്ളിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. മോണിങ്‌സ്റ്റാര്‍ പള്ളിക്ക് മുന്‍പില്‍ കല്ലില്‍ നിര്‍മിച്ച ക്രിസ്തുരൂപത്തിനും പള്ളിയുടെ മേല്‍ക്കൂരയ്ക്കും കാര്യമായ കേടുപാടുകള്‍ വന്നിട്ടുണ്ട്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഇരുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Cyclone Gaja, 13 died in cyclone gaja at tamilnadu