പുഴയിലേക്ക് വീണ ബസ്സിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു | Photo: ANI
ധര്(മധ്യപ്രദേശ്): നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 പേര് മരിച്ചു. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ബസ് (മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട്) ആണ് മധ്യപ്രദേശിലെ ധര് ജില്ലയിലെ ഘാല്ഗട്ടില് അപകടത്തില്‍പെട്ടത്.
ആഗ്ര-മുംബൈ ഹൈവേയിലാണ് ഘാല്‍ഗട്ട്. കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായതിനാല്‍ ബസ് റോഡില്‍ നിന്ന് വഴുതിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. ഘാല്‍ഖട്ടിലെ പാലത്തിന്റെ കൈവരികളും തകര്‍ത്ത് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. ബസ്സില്‍ നാല്‍പ്പതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍.
അപകടമുണ്ടായ പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്നത് ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാക്കിയിട്ടുണ്ട്. ബസ്സിന്റെ സാങ്കേതിക തകരാര്‍ എന്തെങ്കിലുമാണോ അപകടത്തിലേക്ക് നയിച്ചത് എന്ന് പരിശോധിച്ചുവരികയാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പുഴയില്‍ വീണ ബസ് പുറത്തെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കും. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ട്വീറ്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..