വാരാണസി: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ന് വാരാണസി സന്ദര്‍ശിക്കും. തുടര്‍ന്ന് മിര്‍സാപൂരില്‍ പുതുതായി നിര്‍മിച്ച സോളാര്‍ പവര്‍ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

പ്രത്യേക വിമാനത്തില്‍ ബാബദ്പുര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ എത്തുന്ന മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ മിര്‍സാപൂരിലേക്ക് പോകുന്ന ഇവര്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടനത്തിന് ശേഷം ബാദലാല്‍പൂരിലെ ദീന്‍ ദയാല്‍ ഉപാധ്യായ വ്യാപാര വികസന കേന്ദ്രം സന്ദര്‍ശിക്കും.

പരമ്പരാഗതമായ വരവേല്‍പാണ് നരേന്ദ്ര വാരാണസിയില്‍ മക്രോണിനായി ഒരുക്കിയിരിക്കുന്നത്. 121 സന്ന്യാസി വര്യരുടെ മന്ത്രേചാരണങ്ങളുടെ അകമ്പടിയോടെ താലപൊലിയോടെയായിരിക്കും അദ്ദേഹത്തെ സ്വീകരിക്കുന്നത്. 

തുടര്‍ന്ന് നരേന്ദ്ര മോദിയും മക്രോണും ചേര്‍ന്ന് ബോട്ട് യാത്ര നടത്തും. ഇതിന് ശേഷം താജ് ഹോട്ടലില്‍ അദ്ദേഹത്തിന് വിശാലമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം അവിടെ വാരാണസിയില്‍ തങ്ങുന്ന മക്രോണ്‍ ചൊവ്വാഴ്ച്ച രാവിലെ ഡല്‍ഹിയിലേക്ക് പോകും.