ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാം പിറന്നാള്‍ വേറിട്ട രീതിയില്‍ ആഘോഷപൂര്‍ണമാക്കി ഗുജറാത്തിലെ പ്രസിദ്ധമായൊരു ബേക്കറി. ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നവരുടെ ഏറ്റവും വലിയ ഒത്തു ചേരല്‍ എന്ന ഗിന്നസ് റെക്കോഡിനായുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് വേറിട്ട ആശയവുമായി ആഘോഷം നടത്തിയത്.

നരേന്ദ്രമോദി ജന്മദിനം ആഘോഷിക്കുന്ന തിങ്കളാഴ്ച പിറന്നാള്‍ ആഘോഷിച്ച 1200 പേരാണ് സൂറത്തിലെ സര്‍സാന എക്‌സിബിഷന്‍ സെന്ററില്‍ കേക്കുമുറിക്കാനായി ഒത്തുകൂടിയത്. 'അതുല്യ ശക്തി ദിവസ്' എന്നു പേരിട്ട ജന്മദിനാഘോഷ പരിപാടിയില്‍ പ്രായഭേദമന്യേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. 

പരിപാടിയില്‍ പങ്കെടുത്തവരെ സുകന്യ യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, അടല്‍ പെന്‍ഷന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ, നരേന്ദ്ര തുടങ്ങിയ പേരുകളില്‍ അമ്പത് പേരുള്ള ഇരുപത് സംഘങ്ങളാക്കിത്തിരിച്ചു. ജന്മദിനത്തൊപ്പികളും ഗാനങ്ങളും ഒക്കെയായിട്ടായിരുന്നു ആഘോഷം. 

'എന്റെ പേരും ജന്മദിനവും വര്‍ഷവും ജന്മനക്ഷത്രവും അദ്ദേഹത്തിന്റേതും ഒന്നു തന്നെ. യാദൃശ്ചികമെന്നു പറയട്ടെ, ഞങ്ങളുടെ അമ്മമാരുടെ പേരുകളും ഒന്നു തന്നെ'- നരേന്ദ്രമോദിയോട് സാമ്യമുള്ള പേരിനുടമയായ നരേന്ദ്ര സോണി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഒരേ ദിവസം ജന്മദിനം ആഘോഷിക്കുവരുടെ ഏറ്റവും വലിയ ഒത്തുചേരലിന്റെ പേരിലുള്ള ഗിന്നസ് റെക്കോഡ് നെതര്‍ലെന്റ്‌സിലെ സ്റ്റിച്ചിങ്ങ് ആപ്പന്‍ഹൂളിന്റെ പേരിലാണ്. 2012 ജൂലൈയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത് 228 പേരാണ്. 

പരിപാടി സംഘടിപ്പിച്ച ഗുജറാത്തിലെ ബേക്കറി, കഴിഞ്ഞ വര്‍ഷം 680 അടി വലിപ്പമുള്ള കേക്ക് നിര്‍മ്മിച്ച് ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷിയുള്ളവരാണ് അന്ന് ആ കേക്ക് മുറിച്ചത്. 

Content Highlights: 1200 people cut cakes, birthday with Narendra modi, Surat, Gujarath