ലഖ്‌നൗ: ആറ് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ ഒരു വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 25 നാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രതിയാണെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് ബുധനാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. 

മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള വയലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് സഹോദരിമാര്‍ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും വീട്ടിലേക്ക് പോയിരിക്കാമെന്ന ധാരണയില്‍ അവര്‍ വയലിലേക്ക് മടങ്ങുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് കുടുംബാംഗങ്ങള്‍ കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. 

കുട്ടിയെ അവസാനം കണ്ട പ്രദേശത്തെത്തി വൈകുന്നേരം തിരച്ചില്‍ നടത്തിയെങ്കിലും മദ്യപിച്ച് ബോധമില്ലാത്ത ഒരാളെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് ദിവസം കൂടി കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന ശേഷം ഫെബ്രുവരി 28 നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ബുലന്ദ് ശഹര്‍ പോലീസ് മേധാവി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. പോലീസ് സഹായത്തോടെ ഗ്രാമീണര്‍ കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വീട്ടില്‍ അടുത്തിടെ കുഴി നിർമിച്ചതായി ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഈ കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകനെയാണ് ഷിംലയില്‍ നിന്ന്  അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ തൊഴിലാളിയായ ഇയാള്‍ സംഭവദിവസം വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവശേഷം ഒളിവിലായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു.

Content Highlights: 12 Year Old  Girl's Body Found Buried In Pit Days After She Disappeared UP