ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിച്ചിലിനെത്തുടർന്നുണ്ടായ പ്രളയം കൂടുതൽപ്രദേശത്ത് നാശമുണ്ടാക്കില്ലെന്ന് വിലയിരുത്തൽ. ജലനിരപ്പ് കുറഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയഭീതിയില്ല. അടുത്ത രണ്ട് ദിവസങ്ങളിൽ ചമോലി, തപോവൻ, ജോഷിമഠ് പ്രദേശങ്ങളിൽ മഴയോ പ്രതികൂല കാലാവസ്ഥയോ ഉണ്ടാകില്ലെന്ന് ഡൽഹിയിൽ ചേർന്ന ദേശീയ പ്രതിസന്ധി കൈകാര്യം ചെയ്യൽ സമിതി (എൻ.സി.എം.സി). യോഗത്തെ വിദഗ്ധർ അറിയിച്ചു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച എൻ.സി.എം.സി.യുടെ അടിയന്തര യോഗം ചേർന്നത്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഊർജ സെക്രട്ടറി, ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ, എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ, കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കുത്തൊഴുക്ക് കുറഞ്ഞതായും അപകടഭീഷണി ഒഴിഞ്ഞതായും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സമിതിയെ അറിയിച്ചു. സമീപ ഗ്രാമങ്ങൾക്ക് ഭീഷണിയില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

മഞ്ഞുമലയിടിച്ചിലുണ്ടായ മേഖലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ ആനന്ദ് ശർമ യോഗത്തെ അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചമോലി ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ നേരിയതോതിൽ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകാം.

സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയിടിച്ചിലുകൾ നിരീക്ഷിക്കുന്ന പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സംഘം സംഭവസ്ഥലം പരിശോധിച്ചു വരുകയാണ്. സംഭവസ്ഥലത്ത് അടിയന്തരമായി എത്തിച്ചേരാൻ എൻ.ടി.പി.സി. മാനേജിങ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരന്തസ്ഥലത്ത് തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഇൻഡോ-ടിബറ്റൻ ബോർഡ് പോലീസ് ഫോഴ്‌സ് (ഐ.ടി.ബി.പി.) രക്ഷിച്ചതായി ഡയറക്ടർ ജനറൽ യോഗത്തെ അറിയിച്ചു. മറ്റൊരു തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സൈന്യവും ഐ.ടി.ബി.പിയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നീക്കം. കാണാതായവരെ കണ്ടെത്താനുള്ള ഊർജിതശ്രമമാണ് നടക്കുന്നത്.

 

Content Highlights: 12 people saved from tunnel Uttarakhand