ന്യൂഡല്‍ഹി: എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പെടെ രാജ്യസഭയിലെ 12 പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
 
എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.) എന്നിവരെ കൂടാതെ ഫുലോ ദേവി നേതാം (കോണ്‍ഗ്രസ്), ഛായാ വര്‍മ (കോണ്‍ഗ്രസ്), ഋപുണ്‍ ബോറ (കോണ്‍ഗ്രസ്), രാജാമണി പട്ടേല്‍ (കോണ്‍ഗ്രസ്), ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), സെയ്ദ് നസീര്‍ ഹുസൈന്‍ (കോണ്‍ഗ്രസ്), പ്രിയങ്കാ ചതുര്‍വേദി (ശിവസേന), അനില്‍ ദേശായി (ശിവസേന), അഖിലേഷ് പ്രസാദ് സിങ്ങ് (കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പ്രതിപക്ഷം അപലപിച്ചു. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവൃത്തികളും എം.പിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് സസ്‌പെന്‍ഷന്‍ പ്രമേയം ആരോപിക്കുന്നു. അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നുണ്ട്. അതേസമയം, അനുചിതവും ജനാധിപത്യവിരുദ്ധവുമാണ് നടപടിയെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. 

content highlights: 12 opposition mp's from rajyasabha suspended