ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചതവെച്ചതിന് പിന്നാലെ തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസില്‍ ചേര്‍ന്നു. 

119 ആണ് തെലങ്കാന നിയമസഭയുടെ അംഗസംഖ്യ. ഡിസംബറില്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ ടിആര്‍എസ് നേടിയിരുന്നു. കോണ്‍ഗ്രസ് 19, അസറുദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിക്ക് ഏഴ് ബിജെപിക്ക് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റുനില. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി മത്സരിച്ച് വിജയിച്ചിരുന്നു. 

തിരഞ്ഞെടുപ്പില്‍ ജയിച്ചതിനാല്‍ നിയമസഭാംത്വം ഇദ്ദേഹം രാജിവെക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് അംഗസംഖ്യ 18 ആയി കുറഞ്ഞു. ഇതിന് പിന്നാലെ  കോണ്‍ഗ്രസിന്റെ 18 ല്‍ 12 പേരും ടിആആര്‍എസില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ആറായി ചുരുങ്ങി. എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറിയതിനാല്‍ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് നേതൃത്വം ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ ടിആര്‍എസില്‍ ചേര്‍ന്നതായി കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. 

തണ്ടൂര്‍ എംഎല്‍എ ആയ രോഹിത് റെഡ്ഡി ടിആര്‍എസ് നേതാവ് കെ.ടി. രാമ റാവുവുമായികൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള കൂട്ടപ്പൊഴിച്ചില്‍ നടന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അതിനാല്‍ തന്നെ ഇവരുടെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുകയുമില്ല.

Content Highlights: Telangana, Congress, TRS, K Chandrashekar Rao, Chandra Loksabha Election