ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഉള്‍പ്പടെ 112 സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി നല്‍കിയേക്കും. അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി സെപ്തബര്‍ 30 വരെ നീട്ടുന്നത്. 

കേരള ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 43 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 51 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് നിയമ സെക്രട്ടറി വി ഹരി നായര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ കത്ത് നല്‍കിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിലെ രണ്ട് ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ കാലാവധിയും മൂന്ന് മാസത്തേക്ക് നീട്ടണമെന്നും കത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ 112 സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് അഡ്വക്കേറ്റ് ജനറല്‍ കത്ത് നല്‍കിയത്. പുതിയ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമത്തിന് കൂടുതല്‍ സമയം ആവശ്യമായതിനാലാണ് നിലവിലുള്ളവരുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും കത്തില്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി നീട്ടി നല്‍കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യത്തില്‍ 23ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ 'ക്യാപ്റ്റന്‍ ടച്ച്' ഉറപ്പാക്കും

മന്ത്രിസഭാ രൂപീകരണത്തില്‍ പ്രകടമായ 'ക്യാപറ്റന്‍ ടച്ച്' സര്‍ക്കാര്‍ അഭിഭാഷക നിയമനത്തിലും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് തന്നെ പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മാത്രമേ കാലാവധി നീട്ടി നല്‍കാവൂവെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകരുടെ തൊഴില്‍ രംഗത്തെ പ്രകടനം വിലയിരുത്തുന്നതിന് സംവിധാനം കൊണ്ടുവന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ഇത്തവണ അഭിഭാഷക നിയമനത്തിന് കൂടുതല്‍ സമയമെടുക്കുന്നത് വിലയിരുത്തല്‍ കൂടുതല്‍ കാര്യക്ഷമായി നടത്തുന്നതിന് വേണ്ടിയാണെന്നാണ് സൂചന.

നിലവിലുള്ള സര്‍ക്കാര്‍ അഭിഭാഷകരെ നിലനിറുത്തണമെന്നാണ് സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവിലുള്ള സര്‍ക്കാര്‍ അഭിഭാഷകരില്‍ മൂന്നിൽ രണ്ട് പേര്‍ക്കെങ്കിലും പുറത്ത് പോകേണ്ടി വന്നേക്കാം.

content highlights: 112 government lawyers term may be extended