പ്രതീകാത്മക ചിത്രം| Photo: PTI
ന്യൂഡല്‍ഹി: സഭയില്‍ പ്രതിഷേധിച്ചതിന് 19 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്ഷന്. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് സസ്പെന്ഷന്. എ.എ. റഹിം, വി.ശിവദാസന്‍, പി. സന്തോഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. ഒരാഴ്ചത്തേക്കാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.
ഇന്ന് രാവിലെ മുതല്‍ രാജ്യസഭാ നടപടികള്‍ തടസപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നതോടെ 19 എംപിമാരെ സസ്പെന്റ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ടിആര്‍എസ് എംപിമാരും സസ്പെന്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോള സെന്‍, ശന്തനു സെന്‍, അഭി രഞ്ജന്‍ ബിസ്വാര്‍, നദീമുള്‍ ഹഖ്, ഡിഎംകെ എംപിമാരായ എം. ഹമാമെദ് അബ്ദുള്ള, എസ്. കല്യാണസുന്ദരം, ആര്. ഗിരാജന്, എന്‍.ആര്. ഇളങ്കോ, എം. ഷന്മുഖം, കനിമൊഴി എന്‍വിഎന്‍ സോമു, ടിആര്‍എസ് എംപിമാരായ ബി. ലിങ്കയ്യ യാദവ്, രവിഹന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുന്നറിയിപ്പ് അവഗണിച്ച് സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെന്‍ഷന്റെ കാരണമായി പറയുന്നത്. വിലക്കയറ്റം, ജിഎസ്ടി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാവിലെ 11 മണിയോടെ രാജ്യസഭയില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.
ഇന്നലെ പാര്‍ലമെന്റില്‍ വിലക്കയറ്റത്തിനെതിരേ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എം.പിമാരെ ലോക്സഭയില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ല സസ്പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് എം.പിമാരായ രമ്യാ ഹരിദാസ്, ടി.എന്‍ പ്രതാപന്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് പാര്‍ലമെന്റ സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..